കൊച്ചി: ഹരിത ട്രിബ്യൂണലിന്റെ വിധിയോടെ സംസ്ഥാനത്ത് ഡിസല്‍ വാഹന വിപണി മരവിച്ചു. സംസ്ഥാനത്തെ അഞ്ചു കോര്‍പറേഷന്‍ നഗരങ്ങളില്‍ പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കണമെന്നും 2000 സിസിയില്‍ കൂടിയ ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ വിധിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്ത് വാഹന വില്‍പ്പന നിലച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ വാഹനങ്ങളുടെ ബുക്കിങ് പൂര്‍ണ്ണമായും നിലച്ചു. നേരത്തേ ബുക്ക് ചെയ്തവര്‍ പിന്‍വാങ്ങുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
ഡീസല്‍ വാഹനങ്ങള്‍ 10 വര്‍ഷം കഴിഞ്ഞാല്‍ ഉപയോഗിക്കരുതെന്ന വിധി ഗതാഗത വകുപ്പിനും ആശങ്കയുണര്‍ത്തുന്നു. സംസ്ഥാനത്ത് 15 വര്‍ഷത്തേക്കാണു വാഹന നികുതി വാങ്ങുന്നത്. പത്തു വര്‍ഷം കഴിഞ്ഞ് ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ ബാക്കി അഞ്ചു വര്‍ഷത്തെ നികുതി ഒരോ വാഹന ഉടമയ്ക്കും തിരികെ നല്‍കേണ്ടി വരും. സംസ്ഥാനത്ത് നിലവില്‍ രണ്ടു ലക്ഷത്തോളം ഡീസല്‍ വാഹനങ്ങള്‍ ഉള്ളതിനാല്‍ ഇങ്ങനെ തിരികെ നല്‍കേണ്ടി വരുന്ന തുക ഓരോ വര്‍ഷവും കോടികളാവുമെന്നാണു പ്രാരംഭ കണക്കെടുപ്പ്. വര്‍ഷം വാഹന നികുതിയായി 3200 കോടി രൂപയാണു ലഭിക്കുന്നത്. അതില്‍ 60% ഇരുചക്ര വാഹന വിഭാഗത്തിലാണ്. ബാക്കി 40% നാലുചക്ര വാഹനങ്ങളില്‍ നിന്ന് ഏകദേശം 2000 കോടി നികുതി ഇനത്തില്‍ ലഭിക്കുന്നുണ്ട്.
അതില്‍ ഡീസല്‍ വാഹനങ്ങളുടെ മാത്രം നികുതി എത്രയെന്നു കണക്കെടുത്തിട്ടില്ല. പക്ഷേ, പുതിയ വാഹനങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ പെട്രോളിലേക്കു മാറുമെന്നതിനാല്‍ നികുതി വരുമാനത്തില്‍ വലിയ ഇടിവ് ഇതുമൂലം ഉണ്ടാവണമെന്നുമില്ല. മാസം 2000 സിസിയിലേറെയുള്ള വാഹനങ്ങള്‍ ഏകദേശം 1800 എണ്ണമാണു കേരളത്തില്‍ വില്‍ക്കുന്നത്. ഡീസലിനു വിലക്കുറവായതു മൂലം വാഹനങ്ങള്‍ വാങ്ങിയ ഇടത്തരക്കാര്‍ക്കാണ് കനത്ത അടിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഴെട്ടു വര്‍ഷമായ വാഹനങ്ങള്‍ക്കു പോലും വില്‍ക്കാന്‍ ശ്രമിച്ചാല്‍ ആവശ്യക്കാരുണ്ടാവില്ല. ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ആഢംബര വാഹനങ്ങളുടെ സ്ഥിതിയാണ് ദയനീയം. പത്ത് വര്‍ഷത്തിനുമാത്രമായി ലക്ഷങ്ങള്‍ മുടക്കേണ്ടിവന്നവര്‍ നിസഹായവസ്ഥയിലാണ്.