
തിരുവനന്തപുരം: പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിധി നടപ്പിലാക്കുക എന്നത് അസാധ്യമാണെന്ന് തച്ചങ്കരി മുഖ്യമന്ത്രിയെ അറിയിച്ചു.
രണ്ടായിരം സിസിക്ക് മുകളിലുള്ള പഴയ ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാണമെന്നതാണ് ഹരിത ട്രൈബ്യൂണല്‍ വിധി.
ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ പ്രഥമ ഉത്തരവ്. ഒരു മാസത്തിന് ശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇവ പിടിച്ചെടുക്കണം. കൂടാതെ ഓടുന്ന ഓരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ഗ്രീന്‍ ട്രിബ്യൂണല്‍ ബഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഹെവി ലൈറ്റ് മോട്ടോര്‍ ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ലോയേഴ്‌സ് എന്‍വയോണ്‍മെന്റ് അവെയര്‍നസ് ഫോറം എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ദില്ലിയിലേപ്പോലെ കേരളത്തിലും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളും ലോറികളും കാറുകളും ഓട്ടോകളുമെല്ലാം വിഷം തുപ്പുന്നവയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഗ്രീന്‍ ടൈബ്ര്യൂണലിന്റെ പ്രത്യേക സര്‍ക്ക്യൂട്ട് ബഞ്ച് ഹൈക്കോടതിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി ഈ പ്രത്യേക ബഞ്ചിനു കീഴിലായിരിക്കും വരിക. 14 ഓളം കേസുകളാണ് കോടതിയുടെ ആദ്യ സിറ്റിങില്‍തന്നെ പരിഗണനയ്ക്ക് വരിക.