സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അമ്മയിൽ നിന്നു പുറത്താക്കിയതോടെ അമ്മ പിളർപ്പിലേയ്ക്ക്. ഇതിനു ശേഷം വീണ്ടും ഒരു തവണ കൂടി യോഗം ചേരാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അമ്മ പിളർപ്പിലേയ്ക്കാണെന്ന സൂചന പുറത്തു വരുന്നത്. ദിലീപിനെതിരായ നീക്കത്തിൽ മുന്നിൽ നിന്നത് പൃഥിരാജാണെന്ന സൂചനകൾ പുറത്തു വന്നതോടെയാണ് അമ്മയിലെ ഭിന്നത അതിരൂക്ഷമായത്. ഏറ്റവും ഒടുവിൽ മോഹൻലാൽ നടത്തിയ ഒത്തു തീർപ്പു ചർച്ചകൾ ഫലം കണ്ടില്ലെന്നാണ് വിവരം ലഭിക്കുന്നത്. താരസംഘടനയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ ദിലീപ് തയ്യാറായതു പോലുമില്ല. ദിലീപിനെ കുറ്റവിമുക്തരാക്കാനുള്ള നീക്കത്തിൽ പൃഥിയും കൂട്ടരും അതൃപ്തരാണ്. ഈ സാഹചര്യത്തിൽ അമ്മയുടെ യോഗം അനന്തമായി നീളാനാണ് സാധ്യത. പ്രസിഡന്റും ജനറൽ സെക്രട്ടറിയും പോലും ഇക്കാര്യത്തിൽ ഒരക്ഷരം മിണ്ടുന്നില്ല.
നടി ആക്രമിക്കപ്പെട്ടപ്പോൾ തുടങ്ങിയ കോലാഹലങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു വിഭാഗം ദിലീപ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചതോടെ പൃഥിരാജിന്റെ നേതൃത്വത്തിൽ മറുചേരി രൂപപ്പെടുകയായിരുന്നു. ഇവരുടെ സമ്മർദ്ദ ഫലമായി ദിലീപിനെ സംഘടനയിൽ നിന്നു പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ തനിക്ക് അമ്മയുമായി ബന്ധമില്ലെന്നാണ് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ ഒത്തുതീർപ്പ് ചർച്ചകൾക്ക് തയ്യാറാവുന്നതുമില്ല. എന്നാൽ ദിലീപിനെ അനുകൂലിക്കുന്നവരാണ് സംഘടനയിൽ ഭൂരിഭാഗവും. അവർ ദിലീപിനെ പുറത്താക്കിയ നടപടിയെ അംഗീകരിക്കുന്നുമില്ല. അമ്മയുടെ യോഗം ചേർന്നാൽ ചേരിതിരിവ് ശക്തമാകും. ഇത് പരിഹരിക്കാനായിരുന്നു മോഹൻലാലിന്റെ ശ്രമം.
ഒടിയന്റെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ലാൽ അനുരജ്ഞന ശ്രമങ്ങൾക്കായി യത്‌നിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതോടെ ലാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇന്നസെന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളും പ്രശ്‌നം പരിഹരിക്കാൻ താത്പര്യം കാട്ടുന്നില്ല. ഇതോടെ അമ്മയുടെ കാര്യം ഒരു വഴിക്കായിരിക്കുകയാണ്. നിലവിലെ ഭാരവാഹികൾ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത പൊതുയോഗം ചേരുമോയെന്നു പോലും ഇപ്പോൾ സംശയമാണ്. സംഘടനയെ നയിക്കാനാകട്ടെ ആർക്കുംതന്നെ താത്പര്യവുമില്ല. അറസ്റ്റോടെ ദിലീപ് അവസാനിച്ചു എന്നു കരുതിയവർ കൂടുതൽ കരുത്തനായ ദിലീപിനെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ നേതൃത്വത്തിലേക്ക് വരാൻ ആരും തയ്യാറാകുന്നുമില്ല.
ദിലീപ് പിന്തുണച്ചില്ലെങ്കിൽ അമ്മയെ നയിക്കുക അസാധ്യമെന്നതാണ് അവസ്ഥ. തീയറ്റർ സംഘടനയുൾപ്പെടെ ദിലീപിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ദിലീപിനെ പിണക്കി സിനിമയിലെ താരങ്ങളുടെ സംഘടനയെ മുന്നോട്ട് നയിക്കാനാവില്ല. ഇത് മനസ്സിലായതോടെ പൃഥ്വിയും കൂട്ടരും സംഘടനാ നേതൃത്വത്തിൽ സജീവമാകാനുള്ള നീക്കം ഉപേക്ഷിച്ചു. വനിതകളുടെ കൂട്ടായ്മയ്ക്കും ദിലീപിന്റെ സ്വാധീനത്തെ കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ ദിലീപിനെ വിശ്വാസത്തിലെടുത്തു മാത്രമേ അമ്മയ്ക്ക് മുന്നോട്ട് പോകാനാകൂ. കേസും മറ്റ് വിഷയങ്ങളും തീർന്ന ശേഷം മാത്രമേ താൻ ഇനി മറ്റുകാര്യങ്ങളിൽ ഇടപെടൂവെന്നാണ് ദിലീപിന്റെ പക്ഷം. ജയിൽ മോചിതനായ ദിലീപുമായി മോഹൻലാൽ നേരിട്ടും ആന്റണി പെരുമ്പാവൂർ വഴിയും ആശയ വിനിമയും നടത്തിയതാണ് സൂചന.
പൃഥ്വിരാജും കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. എന്നാൽ പൂർണ്ണമായും അടിയറവ് പറയുകയുമില്ല. വിചാരണ പൂർത്തിയാകും വരെ ദിലീപ് സംശയ നിഴലിലാണെന്നാണ് അവരുടെ പക്ഷം. ദിലീപിനെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ അടിയന്തിര എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇതിനൊടുവിലാണ് കേസിൽ അകപ്പെട്ട ദിലീപിനെ സംഘടനയുടെ പ്രഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി മമ്മൂട്ടി മാധ്യമങ്ങളെ അറിയിച്ചത്. ഈ യോഗത്തിന് ശേഷം യുവ താരങ്ങൾ പെട്ടെന്ന് പുറത്തു പോയി. മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാൽ തുടർന്നു. അതിന് ശേഷമാണ് ഭാവി കാര്യങ്ങളിൽ തീരുമാനം എടുത്തത്. അമ്മയുടെ നേതൃത്വം പുതു തലമുറയ്ക്ക് കൈമാറാനാണ് തീരുമാനം എടുത്തത്.
ദിലീപ് അറസ്റ്റിലായപ്പോൾ തന്നെ സ്ഥാനം ഒഴിയാൻ മുതിർന്ന താരങ്ങൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും. യുവതാരങ്ങളുടെ രൂക്ഷമായ പ്രതികരണം പ്രശ്‌നം കൂടുതൽ വഷളാക്കി. നേരത്തെ നടിയെ ആക്രമിച്ച കേസിൽ അമ്മ എക്സിക്യൂട്ടീവും ജനറൽബോഡിയും ആരോപണവിധേയനായ ദിലീപിന് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ദിലീപിന്റെ അറസ്റ്റോടെ തിരുത്തി പറയേണ്ടി വന്നത്. തിലകൻ ചേട്ടൻ പറഞ്ഞപോലെ, മാഫിയാ ഗ്രൂപ്പുകളെപ്പോലെ പെരുമാറുന്നവരും ധാർഷ്ട്യവും തൻപ്രമാണിത്തവും കാണിക്കുന്ന സൂപ്പർ താരങ്ങളുമടങ്ങിയ സംഘടനയാണ് അമ്മയെന്ന് സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. ദിലീപ് വിഷയം അമ്മയുടെ അടിക്കല്ല് ഇളക്കുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.