കൊച്ചി : നടൻ ദിലീപ് പ്രതിയായ പീഡനക്കേസിൽ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികൾക്കും വിചാരണാവേളയിൽ പൊലീസ് സംരക്ഷണം നൽകും. ഇതിനുള്ള ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി.
നടിയുടെ അപേക്ഷ പരിഗണിച്ചാണു നടപടി. സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് നടി സർക്കാരിന് അപേക്ഷ നൽകിയത്.
നടിയോ സാക്ഷികളോ ആവശ്യപ്പെടുന്നപക്ഷം സുരക്ഷ നൽകണമെന്നാണു പൊലീസ് മേധാവിക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. സാക്ഷികൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ അനുവദിക്കണമെന്നാണു ക്രിമിനൽ നടപടിച്ചട്ടം അനുശാസിക്കുന്നത്.
നേരത്തെ കേസ് വനിതാ ജഡ്ജി കേൾക്കണമെന്നും നടി ആവശ്യപ്പെടിരുന്നു. എന്നാൽ ഇത് അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് സാക്ഷികൾക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. എന്നാൽ സാക്ഷികൾ സുരക്ഷ ആവശ്യപ്പെടുമോ എന്ന് ഉറപ്പില്ല. കോളിളക്കം സൃഷ്ടിച്ച കേസിൽ പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, നടൻ ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതികൾ.
സാക്ഷികളിൽ മഞ്ജു വാര്യർ, രമ്യ നമ്പീശൻ, റിമി ടോമി, കുഞ്ചാക്കോ ബോബൻ ഉൾപ്പെടെ ബഹുഭൂരിപക്ഷവും സിനിമാ മേഖലയിൽനിന്നുള്ളവരാണ്. ഇവരെല്ലാം മൊഴി നൽകിയാൽ കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ ലക്ഷ്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് എത്രമാത്രം സാധ്യമാകുമെന്ന ആശങ്ക സജീവമാണ്. ഇവരെല്ലാം സാക്ഷി മൊഴി നൽകാൻ എത്തുമോ എന്ന് പോലും പൊലീസിന് ഉറപ്പില്ല. ദിലീപും മഞ്ജു വാര്യരും തമ്മിലെ കുടുംബ പ്രശ്‌നങ്ങളാണ് നടിയുടെ ആക്രമത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഇതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് സിനിമാക്കാരെ സാക്ഷികളാക്കുന്നത്. ഇതിൽ റിമി ടോമിയുടെ മൊഴി അതി നിർണ്ണായകമാണ്. സിനിക്കാരോട് പക തീർക്കാൻ ദിലീപ് ഏതറ്റം വരേയും പോയിരുന്നുവെന്ന് തെളിയിക്കാനും സിനിമാ മേഖലയിലെ സാക്ഷികളുണ്ട്.
ഇവരെല്ലാം വിചാരണയിൽ മൊഴി മാറ്റുമോ എന്ന ആശങ്ക സജീവമാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം ഉൾപ്പെടെ ഇവർക്ക് ഉറപ്പാക്കാനുള്ള നീക്കം. നടിടെ ആക്രമിചച് കേസിൽ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ എന്നിവരുൾപ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്നുമാത്രം അൻപതിലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.