നടി ആക്രമണത്തിന് ഇരയായ കേസിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ നടൻ ദിലീപ് പോലീസിന്റെ കർശന നിരീക്ഷണത്തിൽ. ദിലീപിന്റെ ഒരോ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്ന പോലീസ് നടന്റെ ഫോണ് കോളുകൾ അടക്കമുള്ളവ പരിശോധിക്കുന്നുണ്ടെന്നാണു വിവരം. പോലീസിന്റെ രഹസ്യാന്വേഷണവിഭാഗത്തിന്റെ നേതൃത്വത്തിലാണു നിരീക്ഷണങ്ങൾ. ദിലീപിന് പുറമെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ നീക്കങ്ങളും പോലീസ് സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ഇവർ മുഖാന്തിരമോ നേരിട്ടോ ദിലീപ് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപെടലുകൾ നടത്തിയാൽ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി കോടതിയെ സമീപിക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ, ഇതുവരെ ദിലീപിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ നീക്കങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ദിലീപിന്റെ നീക്കങ്ങൾ അറിയുന്നതിനായി മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ നിഴലുപോലെ പിന്നാലെയുണ്ട്. ഇക്കാര്യം പക്ഷേ, പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ആരാധനാലയങ്ങളിൽ വഴിപാട് നടത്തിയും കുടുംബത്തോടൊപ്പം സമയം ചെലഴിച്ചും ദിലീപ് സ്വാതന്ത്ര്യത്തിന്റെ രണ്ടുനാൾ പിന്നിട്ടു. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ച അന്നുരാത്രിതന്നെ അഭിഭാഷകനായ രാമൻപിള്ളയെ ദിലീപ് സന്ദർശിച്ചിരുന്നു. നന്ദി അറിയിക്കുന്നതിലുപരി ജാമ്യവ്യവസ്ഥകളെക്കുറിച്ച് ചോദിച്ചറിയാനും കേസിനെ ബാധിക്കാത്തവിധം മുന്നോട്ടുപോകുന്നതിനുമുള്ള ഉപദേശം നേടാൻ കൂടിയായിരുന്നു ഭാര്യ കാവ്യക്കൊപ്പമുള്ള ദിലീപിന്റെ സന്ദർശനം. കഴിഞ്ഞ ദിവസം തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം സംഘടന തിരികെ നൽകിയെങ്കിലും ദിലീപ് നിരസിക്കുകയായിരുന്നു. ആരവങ്ങളിൽ നിന്നും അധികാരസ്ഥാനങ്ങളിൽനിന്നും ഒഴിഞ്ഞുമാറാനാണ് തൽക്കാലം നടൻ തീരുമാനിച്ചിട്ടുള്ളതെന്നാണു വിവരം. ചിത്രീകരണം തുടങ്ങിയ രണ്ടു ചിത്രങ്ങളിലെ അഭിനയത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഒടുവിൽ താൻ അഭിനയിച്ച് റിലീസായ രാമലീല തിയേറ്ററിൽ പോയി കാണാനും ദിലീപ് തിടുക്കം കൂട്ടിയില്ല.
മൗനമായി ദിലീപ്; നിഴൽപോലെ പിന്തുടര്ന്ന് പോലീസ്
Tags: dileep case