കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നു .പള്‍സര്‍ സുനി ജയിലില്‍ കിടക്കുമ്പോള്‍ തന്നെ ദിലീപ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. അത് എപ്രകാരം ആയിരുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ ആയിരുന്ന വിഷ്ണുവുമായി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയിരുന്നതായും സൂചനകളുണ്ട്. ഏപ്രില്‍ 14 ന് കലൂരിലെ ടാക്‌സി സ്റ്റാന്റില്‍ വച്ചായിരുന്നത്രെ ഈ കൂടിക്കാഴ്ച.എന്നാല്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്ത് പുറത്തായതോടെ ആണ് കാര്യങ്ങള്‍ മാറി മറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കത്ത് അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിലേക്ക് വിഷ്ണു അയച്ചുകൊടുത്തതായിരുന്നു.
ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയത് രണ്ട് മാസം മുമ്പാണ്. എന്നാല്‍ അതിലൊന്നും ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. പള്‍സര്‍ സുനി വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമായി നടത്തുന്ന നീക്കങ്ങള്‍ ആയിരിക്കാം എന്നാണ് പലരും കരുതിയത്.ജയിലില്‍ വച്ച് തന്നെ പള്‍സര്‍ സുനി ദിലീപിന് വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടിരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായും നാദിര്‍ഷയുമായും ആയിരുന്നു സുനി ഫോണില്‍ ബന്ധപ്പെട്ടത്.ഈ സമയത്ത് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളും നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസില്‍ അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷം ആണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പുറത്ത് നിന്ന് എത്തിച്ച മൊബൈല്‍ ഫോണ്‍ വഴി ആയിരുന്നു ഇത്.പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പണം തവണകളായി നല്‍കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത് എന്നാണ് വിവരം.ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ആണ് പള്‍സര്‍ സുനി ബന്ധപ്പെട്ടിരുന്നത്. പണത്തിന്റെ കാര്യം തന്നെയാണ് ഇവരോടും പറഞ്ഞിരുന്നത്.ജയിലില്‍ നിന്ന് ബ്ലാക്ക് മെയില്‍ ഭീഷണി ഉണ്ട് എന്ന് പറഞ്ഞ് ദിലീപ് പരാതി കൊടുക്കുന്നത് ഏപ്രില്‍ 20 ന് ആയിരുന്നു. എന്നാല്‍ അതിന് 20 ദിവസങ്ങള്‍ക്ക് മുമ്പ് പലതവണ സുനി നാദിര്‍ഷയേയും അപ്പുണ്ണിയേയും വിളിച്ചിരുന്നു. പരാതി നല്‍കാന്‍ വൈകിയതിന് പിന്നില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളായിരുന്നു എന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
അപ്പുണ്ണിയുടെ നേതൃത്വത്തില്‍ ആയിരുന്നു ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ എന്നാണ് സൂചന. നാദിര്‍ശയ്ക്ക് ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് കരുതുന്നത്.ദിലീപ് പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതി തന്നെയാണ് തിരിച്ചടിയായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പരാതിയില്‍ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പോലീസിന് ആദ്യം മുതലേ സംശയം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.