
കൊച്ചി :ദിലീപും നാദിര്‍ഷയും പോലീസ് ക്ലബില്‍; മാധ്യമ വിചാരണയ്ക്കില്ലെന്ന് ദിലീപ്.കൊച്ചി: പൾസർ സുനിയും സംഘവും ബ്ലാക്ക്മെയിലിംഗ് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ നടന്മാരായ ദിലീപും നാദിർഷയും ആലുവ പോലീസ് ക്ലബിൽ മൊഴി നൽകാൻ എത്തി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ മാധ്യമ വിചാരണയ്ക്ക് ഇരുന്നു കൊടുക്കാൻ നേരമില്ലെന്ന് നടൻ ദിലീപ് പറഞ്ഞു.
പറയാനുള്ളത് പോലീസിനോടും കോടതിയോടും പറഞ്ഞോളാം. താൻ കൊടുത്ത പരാതിക്കനുസരിച്ച് മൊഴി കൊടുക്കാനാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം നടക്കുന്ന “അമ്മ’ യോഗത്തിനു മുന്‍പ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
അതേസമയം യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് താരസംഘടനയായ അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ക്രിമിനലുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.പോലീസിന്റേയും കോടതിയുടേയും പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിത്. അതിനാല്‍ അതേക്കുറിച്ച് പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്തെങ്കിലും പറഞ്ഞ് പിന്നെ താന്‍ പ്രതിയാവുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഇന്നസെന്റ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നന്നായി തന്നെയാണ് നടക്കുന്നത്. സംഭവം ഉണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയേയും ഡി.ജിപിയേയും ബന്ധപ്പെട്ടിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും ഇപ്പോള്‍ പ്രസ്താവനകളൊന്നും നടത്തരുതെന്നും ഡി.ജി.പി ആയിരുന്ന ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്കൊപ്പം അമ്മ നില്‍ക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.