ദീലീപും കാവ്യമാധവനും ഒടുവില്‍ ഒരുമിച്ചു; വിവാഹത്തിന് അടുത്ത സുഹൃത്തുക്കള്‍ മാത്രം
കൊച്ചി: മലയാളത്തിലെ പ്രണയ ജോഡികള്‍ ഇനി ദമ്പതികള്‍. ഏറെ നാളത്തെ അഭ്യൂഹത്തിനൊടുവില്‍ കാവ്യമാധവും ദിലീപും വിവാഹികരായി. കൊച്ചി വേദാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളായ താരങ്ങള്‍ പങ്കെടുത്തു.
രാവിലെ എട്ടുമണിയോടെ തന്നെ താരങ്ങള്‍ ഹോട്ടലില്‍ എത്തി ചേര്‍ന്നു കൊണ്ടിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരും രാവിലെ ഇരുവരും സ്നേഹം കൈമാറിയതോടെ എല്ലാ പത്ര ചാനല്‍ പ്രതിനിധികളും ഹോട്ടലില്‍ എത്തി. ദിലീപും കാവ്യയും എത്തി ചേരുന്നതിന് മുമ്പു തന്നെ ലൈവായി ചാനലുകള്‍ സംപ്രേഷണവും ആരംഭിച്ചു. ദിലീപിന്റെ മകള്‍ മീനാക്ഷി അടക്കമുള്ള രണ്ട് പേരുടെയും അടുത്ത ബന്ധുക്കള്‍ എത്തി ചേര്‍ന്നിരുന്നു. ചാനലുകള്‍ മാറി മാറി ഹോട്ടലിലെ ദൃശ്യങ്ങളും തങ്ങളുടെ അഭിപ്രായങ്ങളും എല്ലാം കാണിച്ചുകൊണ്ടിരിക്കുകയാണ്
നടന്‍ ദിലീപ് കല്യാണമണ്ഡപത്തിലേയ്ക്ക് എത്തിയപ്പോള്‍ ആവേശത്തോടെ എല്ലാവരും കൈയടിച്ചു. നിറപുഞ്ചിരിയോടെ എത്തിയ താരങ്ങള്‍ വിവാഹ വിളക്കിന് ചുറ്റും വലം വച്ചപ്പോള്‍ ഹോട്ടലില്‍ ആരവം മുഴങ്ങി. പച്ച ബ്ലൗസും ചന്ദനക്കളര്‍ പട്ടുസാരിയും ചൂടി തലയില്‍ മുല്ലപ്പൂവും ചൂടി കാവ്യയും ക്രീം കളര്‍ കുര്‍ത്ത ധരിച്ച ദിലീപും എത്തിയപ്പോള്‍ നിറപുഞ്ചിരിയോടെ മകള്‍ അടുത്ത് നില്‍പ്പുണ്ടായിരുന്നു. മമ്മൂട്ടി, ജയറാം എന്നിവരുടെ അടുത്തു പോയി കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷമാണു കാവ്യ മണ്ഡപത്തിലെത്തിയത്.
ഇരുവരും പരസ്പരം തുളസിമാലയണിയിച്ചാണു വിവാഹജീവിതത്തിലേക്കു കടന്നത്. തുടര്‍ന്നു മിന്നു കെട്ടി. ആശംസകളുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വേദിയിലെത്തിച്ചേര്‍ന്നു.
നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല. എന്നാല്‍ ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദുബായ് മലയാളിയായ നിശാല്‍ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്പത്യ ബന്ധത്തിനു ശേഷം വേര്‍പിരിഞ്ഞ കാവ്യാ മാധവനും, മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞതിനു ശേഷം ദിലീപും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വെറും പ്രചാരണങ്ങള്‍ മാത്രമെന്നായിരുന്നു ഇരുവരും മുമ്പു പ്രതികരിച്ചിരുന്നത്.
സിനിമാലോകത്തു നിന്നു മേനക, ചിപ്പി, സീരിയല്‍ സംവിധായകന്‍ രഞ്ജിത്, ജോമോള്‍ തുടങ്ങി വളരെ ചുരുക്കം ചിലരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. മാദ്ധ്യമങ്ങള്‍ക്കും ചടങ്ങില്‍ പ്രവേശനമുണ്ട്. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ റിസപ്ഷന്‍ ഉണ്ടാകും.
കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപിന്റെ വിവാഹമോചന ഹര്‍ജിയും കോടതിയിലെത്തിയതോടെ ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചു. ഇരുവരും വിവാഹം കഴിച്ചുവെന്നും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നും പലകുറി വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ ഇരുവരും ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കഴിക്കുന്നത്
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോടികളിലൊന്നായാണ് ഇരുവരേയും പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇവര്‍ ഒരുമിച്ച് 21 സിനിമകളിലാണ് അഭിനയിച്ചത്. അതില്‍ മിക്കതും വന്‍ ഹിറ്റുകളുായിരുന്നു.
കമല്‍ സംവിധാനം ചെയ്ത ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യയുടെ സിനിമാപ്രവേശനം. 1991 ല്‍ ഇറങ്ങിയ ഇതേ ചിത്രത്തിലൂടെത്തന്നെ സഹസംവിധായകനായായിരുന്നു ദിലീപും സിനിമാരംഗത്ത് എത്തിയത്. പിന്നീട് ദിലീപ് അഭിനേതാവാകുകയായിരുന്നു.
1999 ല്‍ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ലാല്‍ജോസ് ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തില്‍ കാവ്യയുമുണ്ടായിരുന്നു.
കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയുമായി 2009 ലായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തിയ കാവ്യ കുവൈത്തിലേക്കു പോയിരുന്നു. വിവാഹമോചനം നേടിയ കാവ്യ പിന്നീട് അഭിനയലോകത്തേക്കു തിരികെ വന്നത് ‘പാപ്പീ അപ്പച്ചാ’ എന്ന ദിലീപ് ചിത്രത്തിലൂടെയാണ്. 2010ലാണു ചിത്രം റിലീസായത്. പിന്നീടു വെള്ളരിപ്രാവിന്റെ ചങ്ങാതിയിലും ഇവര്‍ ഒന്നിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ദിലീപ്-കാവ്യ ജോഡി അവസാനം ഒന്നിച്ച് അഭിനയിച്ചത്.
ദിലീപിന്റെ ആദ്യ വിവാഹം 1998 ഒക്ടോബര്‍ 20 നായിരുന്നു. നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുമായുള്ള വിവാഹജീവിതം 16 വര്‍ഷം നീണ്ടു. 2015 ജനുവരി 31 ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്.