സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിച്ച കേസിൽ പങ്കില്ലെന്ന നടൻ ദിലീപിന്റെ വാദം പൊളിയുന്നു. വിഷയത്തിൽ ഏറ്റവും ഒടുവിലുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് ക്ലബിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് എട്ടാം മണിക്കൂറിലേയ്ക്കു കടന്നതോടെയാണ് ദിലീപിന്റെ മൊഴിയെടുപ്പല്ല ചോദ്യം ചെയ്യുകയാണ് ചെയ്യുന്നതെന്നു വ്യക്തമായത്. ചോദ്യം ചെയ്യലിനായി വീട്ടിൽ നിന്നും ഇറങ്ങും മുൻപ് ദിലീപ് മാധ്യമങ്ങളെ കടന്നാക്രമിക്കാനും തയ്യാറായിരുന്നു. താൻ നൽകിയ പരാതിയിൽ മൊഴിയെടുക്കുന്നതിനു വേണ്ടിയാണ് തന്നെ വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോടു പറഞ്ഞിരുന്നത് എന്നാൽ, ദിലീപിന്റെ വാദങ്ങളെല്ലാം തെറ്റാണെന്ന സൂചനയാണ് മൊഴിയെടുപ്പ് എട്ടു മണിക്കൂറോളം നീളുന്നതോടെ വ്യക്തമാകുന്നത്
ഭീഷണിപ്പെടുത്താനായി ദൃശ്യങ്ങൾ പകർത്താൻ നടിയെ കാറിൽ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന വെളിപ്പെടുന്നതാണ് പൊലീസിന് ലഭിക്കുന്ന വിവരങ്ങൾ. ദിലീപിനൊപ്പം സുഹൃത്തും സംവിധായകനുമായ നാദിർഷയേയും ചോദ്യം ചെയ്യുന്നുണ്ട്.
നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് മുന്നിൽ തയ്യാറല്ലെന്ന മറുപടിയാണ് ദിലീപ് നൽകിയത്. നേരത്തെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ തണുപ്പിക്കാനായി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വെറുതെ പറഞ്ഞതാണെന്നും ദിലീപ് സമ്മതിച്ചു. അന്വേഷണസംഘം ദിലീപിനെ ആക്രമിക്കപ്പെട്ട നടിയുടെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരം കാണിക്കുകയും ഈ വസ്തുവിൽ ദിലീപിന് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. തുടക്കത്തിൽ ഇല്ല എന്ന് ഉത്തരം നൽകിയിരുന്ന ദിലീപ് ചോദ്യങ്ങൾ മുറുകിയതോടെ പ്രസ്തുത വസ്തുവിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചു.
ഇത്തരം ഇടപാടുകൾക്ക് സാക്ഷിയായിരുന്നുവെന്ന മഞ്ജു വാരിയരുടെ മൊഴിയെ അടിസ്ഥാനമാക്കിയും അന്വേഷണസംഘം ദിലീപിൽ നിന്നും വിവരങ്ങളാരാഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഫോണിൽ വിളിച്ചെന്നും അവരുടെ പേരിലുള്ള തന്റെ ബിനാമി സ്വത്തുക്കൾ സുഹൃത്തും പാർട്ണറുമായ നാദിർഷായുടെ പേരിൽ എഴുതിക്കൊടുക്കണമെന്നു ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ നടി ദിലീപിന്റെ ആവശ്യം നിരസിച്ചു.അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും കൃത്യമായി മറുപടി പറയാൻ ദിലീപിന് കഴിഞ്ഞില്ല. ചില ചോദ്യങ്ങൾക്ക് ആദ്യം നൽകിയ ഉത്തരങ്ങളിൽ നിന്നും നടൻ പിന്നീട് വ്യതിചലിച്ചു. ചില ഘട്ടങ്ങളിൽ പരസ്പരബന്ധമില്ലാതെയാണ് ദിലീപ് മറുപടികൾ നൽകിയിരിക്കുന്നത്.
ചോദ്യം ചെയ്യലിന്റെ നിർണായകമായ ഒരുഘട്ടത്തിൽ ആക്രമിക്കപ്പെട്ട നടി കാരണമാണ് തന്റെ ജീവിതത്തിൽ വിവാഹമോചനം നടന്നത് എന്ന് ദിലീപ് പറഞ്ഞു. എന്നാൽ വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാവ്യാ മാധവനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ഗോസിപ്പ് വാർത്തകൾ ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യരെ അറിയിച്ചതാണ് വിവാഹമോചനത്തിന് കാരണമായതെന്നും ദിലീപ് പറഞ്ഞു. മഞ്ജുവിന് അക്രമിക്കപ്പെട്ട നടി അയച്ച വാട്ട്സാപ്പ് സന്ദേശം ദിലീപ് പൊലീസിന് കൈമാറി.