കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പുതിയ താര യുദ്ധത്തിന് തയ്യാറെടുക്കുന്നു. പക്ഷെ അത് വെള്ളിത്തിരയ്ക്ക് പുറത്താണെന്നുമാത്രം. സിനിമാ മേഖലയിലെ തിയേറ്റര്‍ ഉടമകളുടെ സംഘടനയെ കൈപ്പിടിയിലൊതുക്കിയ ദിലീപിന്റെ നീക്കമാണ് പുതിയ താര യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീക്കുന്നത്. സിനിമാ മേഖലയെ കൈവെള്ളയിലൊതുക്കാനും ഒതുക്കാനും തിയേറ്റര്‍ സംഘടനയ്ക്ക് കഴിയുമെന്നതിനാല്‍ മലയാള സിനിമാ ലോകം ദിലീപിന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന ആശങ്കളാണ് സൂപ്പര്‍ താരങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.
മലയാളെ സിനിമയെ വെല്ലുവിളിച്ച് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് തിയേറ്റര്‍ സമരം പ്രഖ്യാപിച്ച ലിബര്‍ട്ടി ബഷിറിന്റെ ഹുങ്കാണ് ദിലീപിന് പുതിയ തിയേറ്റര്‍ സംഘടന രൂപീകരിക്കാന്‍ സഹായകമായത്. അതിന് മോഹന്‍ ലാലുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളും പിന്തുണച്ചു. മോഹന്‍ലാലിന്റെ തിയേറ്റര്‍ ഉടമയായ ആന്റണി പെരുമ്പാവൂരി സംഘടനാ തലപ്പത് എത്തിക്കുകയും ചെയ്തു. പക്ഷെ കാര്യങ്ങള്‍ കൈവിട്ടതോടെ ദീലീപിനെ ഒതുക്കാനാണ് പുതിയ നീക്കങ്ങളെന്നാണ് സിനിമാ ലോകത്തുനിന്നും വരുന്ന വാര്‍ത്തകള്‍. അതിനായി ലിബര്‍ട്ടി ബഷീറിനെ തന്നെ വീണ്ടും രംഗത്തിറക്കിയാണ് കളികള്‍.
ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകള്‍ക്ക് മൂന്നുമാസമായി പുതിയ സിനിമകള്‍ അനുവദിക്കാത്തത് ചര്‍ച്ചയാക്കാനാണ് നീക്കം. അതിനിടെ തനിക്ക് സിനിമ നല്‍കാത്ത വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കമലും നിലപാട് വ്യക്തമാക്കണമെന്ന് ബഷീര്‍ ആവശ്യപ്പെട്ടു. ചലച്ചിത്രതാരങ്ങളും ജനപ്രതിനിധികളുമായ സുരേഷ് ഗോപിയും കെ.ബി. ഗണേശ് കുമാറും പലതവണ ഇടപെട്ടിട്ടും ബഷീറിന് സിനിമ നല്‍കാന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള വിതരണക്കാരുടെ സംഘടന തയ്യാറായിട്ടില്ല.
വിഷുവിനുമുന്‍പ് സിനിമകള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. വര്‍ഷംതോറും 1.20 കോടി രൂപ നികുതിയടയ്ക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ ഉടമയാണ് ബഷീര്‍. നിര്‍മ്മാണത്തിലിരിക്കുന്നതടക്കം ഏഴുതിയേറ്ററുകളിലായി 65 തൊഴിലാളികളുണ്ട്. വിലക്ക് ബാധിക്കുന്നത് ഇവരുടെ ജീവിതത്തെക്കൂടിയാണ്ബഷീര്‍ പറയുന്നു. ഇത് മനസ്സിലാക്കിയാണ് പ്രശ്‌ന പരിഹാരത്തിന് സുരേഷ് ഗോപിയും ഗണേശും രംഗത്ത് വന്നത്. തിരുവനന്തപുരം ലോബിയുടെ പിന്തുണയും ഉണ്ടായിരുന്നു. മോഹന്‍ലാലും ലിബര്‍ട്ടി ബഷീറിനോട് പിണക്കം മാറ്റാമെന്ന പക്ഷക്കാരനായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ ലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂരും വിതരണക്കാരുടെ സംഘനയില്‍ അംഗവും ഭാരവാഹിയും ആണ്. എന്നാല്‍ ആന്റണി പെരുമ്പാവൂരിന് പോലും ലിബര്‍ട്ടി ബഷീറിന്റെ വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ പിടിമുറുക്കാനാണ് മോഹന്‍ലാലിന്റെ തീരുമാനം.
പെരുമ്പാവൂരില്‍ ആശിര്‍വാദ് സിനിമാസ് മള്‍ട്ടിപ്ലസ് ശൃംഖലയ്ക്ക് തുടക്കും കുറിച്ചിരുന്നു. കേരളമൊട്ടാകെ ആശിര്‍വാദ് സിനിമാസിന്റെ തീയേറ്റര്‍ ശ്യംഖല വളര്‍ത്താനാണ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിന്റെ ശ്രമം. ഇതോടെ തീയേറ്റര്‍ രംഗത്തെ ദിലീപിന്റെ മേല്‍കോയ്മ തകര്‍ക്കാമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷവും അടുത്തവര്‍ഷവുമായി മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് അഞ്ച് ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ സിനിമയുടെ റിലീസിംഗില്‍ തീരുമാനമെടുക്കുന്നത് ദിലീപിന്റെ സംഘടനയാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ആഗ്രഹിച്ച ദിവസം റിലീസ് പോലും സാധ്യമായില്ല. ഇതിന് പിന്നില്‍ ദിലീപിന്റെ ഇടപെടലായിരുന്നു. ഇതിന് മാറ്റമുണ്ടാക്കാനാണ് ലാലിന്റെ കരുനീക്കം.
ബഷീറിനെ സജീവമാക്കുന്നത് തന്റെ എതിര്‍ചേരിയാണെന്ന് ദിലീപും കരുതുന്നു. അതുകൊണ്ടു തന്നെ വിട്ടുവീഴ്ചയിക്കും തയ്യാറല്ല. തിയേറ്റര്‍ സംഘടനയുമായി കരാര്‍ ഒപ്പിട്ടവര്‍ക്ക് മാത്രം സിനിമയെന്ന വാദവുമായി ലിബര്‍ട്ടി ബഷീറിനെ തുടര്‍ന്നും അകറ്റി നിര്‍ത്തും. ഇത് മനസ്സിലാക്കിയാണ് തീയേറ്റര്‍ രംഗത്തേക്കുള്ള മോഹന്‍ലാലിന്റെ കടന്നു വരവ്.
കേരളത്തിലെ ഒട്ടുമിക്ക തീയേറ്റര്‍ ഉടമകളെയും ദീലീപ് കൈയിലെടുത്തു കഴിഞ്ഞു. സംഘടനയുടെ അമരക്കാരന്‍ ദിലീപ് തന്നെ ആയതിനാല്‍ തീയേറ്ററുകളില്‍ ഇനി ദീലീപ് ചിത്രങ്ങള്‍ എപ്പോള്‍ വേണമെങ്കിലും റീലീസ് ചെയ്യാനാകും.
സ്വന്തം തീയേറ്ററായ ഡീ കമ്പനിയും സംഘടനാ അംഗങ്ങളുടെ തീയേറ്ററുകളും പ്രവര്‍ത്തിക്കുന്നത് ദിലീപിന് വേണ്ടി മാത്രമാണ്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ദിലീപിന്റെ കരുണ കാത്ത് നില്‍ക്കുന്നതാണ് അവസ്ഥ. അതിനാല്‍ ദിലീപിനെ പിടിച്ചുകെട്ടാനാണ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ആന്റണി പെരുമ്പാവൂര്‍ നേതൃത്വം നല്‍കുന്ന ആശിര്‍വാദ് സിനിമാസിന്റെ ശ്രമമെന്നാണ് സൂചന.