ക്രൈം ഡെസ്‌ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന താരം ദിലീപിന്റെ ജാമ്യാപേക്ഷയിൽ അനുകൂല നടപടിയുണ്ടാകില്ലെന്നു സൂചന. കേസിൽ നിർണ്ണായകമായേക്കാവുന്ന തെളിവുകൾ അടങ്ങിയ കേസ് ഡയറി പൊലീസ് ജഡിജിക്കു മുന്നിൽ ഹാജരാക്കിയിട്ടുണ്ട് ഇതോടെ ദിലീപിനെതിരായ തെളിവുകൾ ശക്തമാക്കാൻ പൊലീസിനു സാധിച്ചിട്ടുണ്ട്. ഇതാണ് ദിലീപിനു ജാമ്യം ലഭിക്കില്ലെന്ന സൂചന ശക്തമായതിനു പിന്നിൽ.
തിങ്കളാഴ്ച രാവിലെ 10.15നാണ് സിംഗിൾ ബെഞ്ച് വിധി പറയുക. ഇതിനിടെ പ്രദീഷ് ചാക്കോയുടെ സഹ അഭിഭാഷകൻ രാജു ജോസഫിനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. റിമാൻഡ് തടവുകാരനായി ദിലീപ് ആലുവ സബ് ജയിലിലെത്തി പത്ത് ദിവസം തികയുമ്പോഴാണ് ജാമ്യ ഹർജിയിൽ ഉത്തരവ് വരുന്നത്.
നേരത്തെ അങ്കമാലി കോടതി താരത്തിന്റെ അപേക്ഷ തളളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നും തെളിവുകൾ ശേഖരിക്കുന്ന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
ജാമ്യം തളളിയാൽ ദിലീപിന് ആലുവ സബ് ജയിലിൽ റിമാൻഡ് തടവുകാരനായി തുടരേണ്ടിവരും. ഇതിനിടെ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ സംബന്ധിച്ച് വ്യത്യസ്ഥമായ മൊഴികളാണ് അഡ്വ പ്രദീഷ് ചാക്കോയും സഹ അഭിഭാഷകൻ അഡ്വ രാജു ജോസഫും പൊലീസിനോട് പറയുന്നത്.
ഈ ഫോൺ പ്രദീഷ് ചാക്കോയെ എൽപിച്ചെന്നാണ് മുഖ്യപ്രതി സുനിൽകുമാറിൻറെ മൊഴി. എന്നാൽ അങ്ങനെയൊരു ഫോൺ കണ്ടിട്ടേയില്ലെന്നായിരുന്നു ആദ്യഘട്ടങ്ങളിൽ പ്രദീഷ് ചാക്കോയുടെ നിലപാട്. സഹ അഭിഭാഷകൻ ഫോൺ നശിപ്പിച്ചു എന്നുവരെ ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിൽ രാജു ജോസഫ് ഇത് സമ്മതിക്കാൻ തയാറായില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നോ, തെളിവ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നെന്നോ ബോധ്യപ്പെട്ടാൽ രാജു ജോസഫിനെ കൂടി കേസിൽ പ്രതിചേർക്കാനാണ് പൊലീസ് നീക്കം.
സത്യം തുറന്നുപറയാൻ ഒരവസരം കൂടി ഇരുവർക്കും നൽകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാൽ ഫോണും ദൃശ്യങ്ങളും വിദേശത്ത് എത്തിയിരിക്കാനുളള സാധ്യതയും പൊലീസ് തളളിക്കളയുന്നില്ല. പ്രദീഷ് ചാക്കോയുടെ ഉപദേശത്തിലാണ് ഫോൺ വേമ്പനാട് കായലിൽ ഒഴിക്കിക്കളഞ്ഞെന്ന് സുനിൽകുമാർ മൊഴി നൽകിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.