കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വിവാഹമായിരുന്നു ദില്‍ഷാനയുടേത്. വിവാഹ ദിവസം അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതിനിടയില്‍ വിവാഹ പന്തലില്‍ നിന്ന് കാമുകനുമായി മുങ്ങുകയായിരുന്നു. സംഭവം വാര്‍ത്തയാവുകയും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയും ചെയ്തു. രണ്ടു പേരും വ്യത്യസ്ത മതവിഭാഗങ്ങള്‍ കൂടിയായതോടെ ആഘോഷത്തിന് എരിവും പുളിയും കൂടി. എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് ഈ പെണ്‍കുട്ടി തയ്യാറായിരിക്കുന്നത്. അതായത് കാമുകനെ തല്‍ക്കാന്‍ ഉപേക്ഷിക്കാന്‍ തീരുമാനമായി.
ഹൈകോടതിയിലെത്തിയ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന വ്യവസ്ഥയോടെയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. കോടതി നിര്‍ദേശിച്ച ഉപാധികളോടെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ പഠനം തുടരണമെന്ന വ്യവസ്ഥയും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
കഴിഞ്ഞമാസമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പെണ്‍കുട്ടി വിവാഹസല്‍ക്കാരത്തിനിടെ കാവുംവട്ടത്തെ വീട്ടില്‍ നിന്നും ബൈക്കിലെത്തിയ കാമുകനൊപ്പം വീടുവിട്ടത്. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തന്നെ ദില്‍ഷാന വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യം കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാഴ്ച വീട്ടില്‍ നിന്നു. അതിന് ശേഷം കേസ് പരിഗണിച്ചപ്പോഴും താലി കെട്ടിയ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യം കാട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെയാണ് ഹൈക്കോടതി മാതാപിതാക്കളോടൊപ്പം പോകാന്‍ അനുവദിച്ചത്.
കഴിഞ്ഞയാഴ്ച ഒരു മണിക്കൂര്‍ രക്ഷിതാക്കള്‍ക്കൊപ്പം കൗണ്‍സിലിങിന് ശേഷം ജഡ്ജിയുടെ മുന്നില്‍ ഹാജരായപ്പോഴാണ് പെണ്‍കുട്ടി തന്റെ തീരുമാനം കോടതിയെ അറിയിച്ചത്. കഴിഞ്ഞ മാസം 20 നാണ് കോഴിക്കോട് പത്തോളി കാവുംവട്ടം സ്വദേശിനിയായ പെണ്‍കുട്ടി വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സഹപാഠിയായ കാമുകനൊപ്പം ഇറങ്ങിപ്പോയത്. വിവാഹ വേഷത്തില്‍ പെണ്‍കുട്ടി കാമുകനും സംഘത്തിനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്ന് പെണ്‍കുട്ടി അറിയിച്ചേതാടെ ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് മാതാപിതാക്കള്‍ നടത്താനൊരുങ്ങിയത്. അതുകൊണ്ട് തന്നെ ഈ ഒളിച്ചോട്ടം നാട്ടുകാരും കാര്യമായെടുത്തു. പൊലീസ് സ്റ്റേഷന്‍ ഉപരോധം പോലും നടന്നു. ദില്‍ഷാനയും യുവാവും കുറേകാലമായി പ്രണയത്തിലായിരുന്നുവെന്നു. ഇതേ തുടര്‍ന്നാണ് ദില്‍ഷാനെയെ വീട്ടുകാര്‍ പൂട്ടിയിട്ടത്. ഇതാണ് ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന. എന്നാല്‍ കുടുംബത്തിന് ആഭരണങ്ങള്‍ തിരിച്ചു നല്‍കിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നാണ് സോഷ്യല്‍ മിഡിയയിലെ പ്രചരണം. അതുകൊണ്ട് കൂടിയാണ് അലിന്‍ രാജുമായുള്ള ദില്‍ഷാനയുടെ ബന്ധം പൊളിഞ്ഞതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.