ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപ്പകരുടെ വിവരങ്ങള്‍ പുറത്ത് വിട്ട പനാമ പേപ്പറില്‍ വീണ്ടുമൊരു മലയാളിയുടെ പേരുകൂടി പുറത്ത് വന്നു. റാന്നി സ്വദേശി ദിനേശ് പരമേശ്വരന്റെ പേരാണ് രേഖകളില്‍ ഉള്ളത്. ഗല്‍ഡിങ് ട്രേഡിങ് കമ്പനി ഡയറക്ടറാണ് ദിനേശ്.
രഹസ്യനിക്ഷേപകരുടെ പട്ടികയില്‍ സിംഗപ്പൂരിലുള്ള തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. സോണ്‍ റിതം ഇന്റര്‍നാഷനല്‍ ലിമിറ്റഡ്, വണ്ടര്‍ഫുള്‍ സൊലൂഷന്‍സ് ലിമിറ്റഡ് അടക്കം ആറു കമ്പനികളുടെ പേരിലാണു തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ നിക്ഷേപം. ഈ കമ്പനികളില്‍ ഡയറക്ടറോ ഡയറക്ടര്‍ നോമിനിയോ ആണു ജോര്‍ജ് മാത്യു. സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസമാണ് ഉപയോഗിച്ചിരിക്കുന്നത്. 12 വര്‍ഷം മുമ്പ് സിംഗപ്പൂരിലേക്ക് പോയ മലയാളിയാണ് തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ജോര്‍ജ് മാത്യു. 12 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ അധികാരപരിധിയില്‍പ്പെടില്ലെന്നാണ് ജോര്‍ജ് മാത്യു പറയുന്നത്. പാനമക്കമ്പനികള്‍ സിംഗപ്പൂരിലെ തന്റെ ഇടപാടുകാരുടേതാണെന്നും ഇന്ത്യയുടെ ആദായനികുതി നിയമങ്ങള്‍ ഇവയ്ക്കു ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി
വിവാദ ടൂ ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീരാ റാഡിയയ്ക്കും പനാമയില്‍ കള്ളപ്പണ നിക്ഷേപം ഉണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യാക്കാരാണ് പട്ടികയിലുള്ളത്. ഇവരെ കൂടാതെ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, കോര്‍പ്പറേറ്റ് ഭീമനും ഡി.എല്‍.എഫ് ഉടമ കെ.പി.സിങ്, അദ്ദേഹത്തിന്റെ ഒന്പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പട്ടികയില്‍ പെടുന്നു. ഇതില്‍ ബച്ചന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തനിക്ക് നിക്ഷേപം ഒരിടത്തുമില്ലെന്നാണ് വെളിപ്പെടുത്തല്‍. ആരെങ്കിലും തന്റെ പേര് ദുരുപയോഗപ്പെടുത്തിയതാകാം എന്ന സംശയമാണ് ബച്ചന്‍ ഉയര്‍ത്തുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്നതിന് പനാമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൊസാക് ഫോന്‍സെക എന്ന കന്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നത്. കള്ളപ്പണ നിക്ഷേപമുള്ള വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിയോ ഗണ്‍ലോഗ്‌സണ്‍ രാജി വച്ചിരുന്നു. പാനമ രേഖകള്‍ പ്രകാരം വിദേശത്തു നിക്ഷേപം നടത്തിയതായി പറയപ്പെടുന്ന അഞ്ഞൂറോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കവേയാണ് മലയാളികളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഓഫ് ഷോര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന് വിളിക്കുന്ന ഈ നിക്ഷേപങ്ങള്‍ കൂടുതലും ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ്, സെയ്‌ഷെല്‍സ്, പാനമ, ബഹാമാസ് തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇവിടെയെല്ലാം ബെയറര്‍ ഓഹരികള്‍ ലഭ്യമാണ്. അതായത് ശരിയായ നിക്ഷേപകന്‍ ആരെന്നു വ്യക്തമാക്കേണ്ട കാര്യമില്ല. ഓഹരി ആരുടെ കൈവശമാണോ ആ വ്യക്തി തന്നെ ഉടമ, പണം ആരു നിക്ഷേപിച്ചു എന്ന് വെളിപ്പെടുന്നില്ല. ഇടപാടുകള്‍ രഹസ്യമായിരിക്കും. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയുമില്ല.
എല്‍.ആര്‍.എസ് പ്രകാരം നിക്ഷേപം നടത്തിയാല്‍ ആര്‍ക്കും വന്‍തുക കടത്താനാവില്ല. പരമാവധി രണ്ടു ലക്ഷം ഡോളര്‍ എന്നു പറയുമ്പോള്‍ ഏതാണ്ട് 1.30 കോടി രൂപയേ വരൂ. കള്ളപ്പണം വെളുപ്പിക്കാനാണ് ഇത് ചെയ്യുന്നത്.