കോഴിക്കോട്: ഡിങ്കനോട് പ്രാര്‍ത്ഥിച്ചതോടെ മാറാരോഗങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാറിയെന്ന് സാക്ഷ്യം. ഒപ്പറേഷന് പറഞ്ഞിരുന്ന വയറ്റിലെ അസുഖം ഡിങ്കമാഹാസമ്മേളനത്തിലെത്തിയതോടെ മാറി. അന്ധ വിശ്വാസങ്ങളെയും മതങ്ങളുടെ കച്ചവട തട്ടിപ്പുകളെയും പരിഹസിച്ച് കോഴിക്കോട് ഡിങ്കമത സമ്മേളനം.
ജാതിമതങ്ങളുടെ പേരില്‍ കലഹിക്കുന്നവര്‍ക്കിടയില്‍ ബോധവത്കരണത്തിന്റെ പ്രതീകമായാണു ‘ഡിങ്കോയിസ്റ്റുകള്‍’ സംഘടിച്ചത്. ഭൂമിയിലെ ഏകസത്യം ഡിങ്കോയിസമാണെന്നും പ്രപഞ്ചത്തിന് അപ്പുറത്തുനിന്നു വന്ന ഡിങ്കന്‍ മാനവരാശിയെ രക്ഷിക്കുമെന്നും ഉറപ്പുനല്‍കുന്ന ഡിങ്കോയിസ്റ്റുകള്‍ പാരഡി മതമല്ല ഡിങ്കോയിസമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ഒത്തുകൂടിയത്.ബാലമംഗളത്തില്‍ ജന്മമെടുത്ത് മംഗളം വാരികയിലൂടെ ജൈത്രയാത്ര തുടരുന്ന ഡിങ്കന്‍ എന്ന മൂഷിക കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരിലാണു യുവാക്കളുടെ കൂട്ടായ്മ സാമൂഹികമാധ്യമങ്ങള്‍ വഴി ഡിങ്കമതം എന്ന പേരില്‍ സംഘടിക്കുന്നത്. സമ്മേളനം നടന്ന കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലേക്കു രാവിലെ മുതല്‍ ഡിങ്കോയിസ്റ്റുകള്‍ വിവിധ മേഖലകളില്‍നിന്ന് എത്തിച്ചേര്‍ന്നിരുന്നു.
എന്താണു സംഭവമെന്നറിയാനും നിരവധിപേര്‍ സമ്മേളനസ്ഥലത്തെത്തി. ഡിങ്കോയിസവും ഡിങ്കമതത്തിന്റെ ഇപ്പോഴത്തെ ആവശ്യകതയും വിശദമായിത്തന്നെ സമ്മേളനം ചര്‍ച്ചചെയ്തു. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതവിശ്വാസങ്ങളെ ശാസ്ത്രീയമായി വിമര്‍ശിക്കുകയും അതില്‍ ഡിങ്കമതത്തെ ഉള്‍പ്പെടുത്തി പുതുവ്യാഖ്യാനം രൂപപ്പെടുത്തുകയും ചെയ്ത് ഡിങ്കോയിസ്റ്റുകള്‍ സദസിന്റെ കൈയടി നേടി. ഭൂമിയുടെ ഉല്‍പത്തിയും ജീവജാലങ്ങളുടെ നിലനില്‍പ്പുമെല്ലാം ഡിങ്കോയിസവുമായി ബന്ധപ്പെടുത്തി ആക്ഷേപഹാസ്യരൂപേണയാണു സമ്മേളനം സംഘടിപ്പിച്ചത്.
1983ലാണു ബാലമംഗളത്തില്‍ ഡിങ്കന്‍കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഡിങ്കോയിസത്തിന്റെ വിശുദ്ധഗ്രന്ഥമായാണു ബാലമംഗളത്തെ സമ്മേളനം വിശേഷിപ്പിച്ചത്. മതഗ്രന്ഥങ്ങളിലെ പല ഏടുകളും ഡിങ്കമതവുമായി താരതമ്യം ചെയ്തതും സദസിനു നവ്യാനുഭവമായി.
മതങ്ങളുടെ അതിപ്രസരവും അവ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിശദമാക്കാന്‍ ചക്കയേറ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഡിങ്കമതത്തില്‍ വിശ്വസിച്ച മിട്ടു മുയലിന്റെ തലയില്‍ ചക്കവീഴുകയും മരിക്കുകയും ചെയ്ത സംഭവത്തെയാണു വര്‍ത്തമാനകാലത്തെ അന്ധവിശ്വാസങ്ങളുമായി ബന്ധിപ്പിച്ചത്. മിട്ടു മുയല്‍ മരിച്ചതോടെ ചക്കയെ ശത്രുവായിക്കണ്ടു കല്ലെറിയുന്ന രീതിയാണു ഡിങ്കമതക്കാര്‍ പിന്തുടര്‍ന്നത്.എന്നാല്‍ ഒരിക്കല്‍ ചക്കവീണു മുയല്‍ ചത്തെന്നു കരുതി ചക്കയെ പ്രതിസ്ഥാനത്തു നിര്‍ത്തി കല്ലെറിയേണ്ടെന്ന മുന്നറിയിപ്പു നല്‍കി ഡിങ്കമതക്കാര്‍ക്കു ചക്കയോടുള്ള എതിര്‍പ്പ് ഇല്ലാതാക്കുകയാണു മത്സരംകൊണ്ട് ഉദ്ദേശിച്ചത്.
വ്യത്യസ്തമായ പേരുകളിലാണു ‘ഡിങ്കാചാര്യന്‍മാര്‍’ വേദിയിലെത്തിയത്. ഡിങ്കമതത്തെയും ശാസ്ത്രീയതയേയും സംബന്ധിച്ചു ജീവോത്പത്തി പ്രകരണം എന്ന സെഷനിലൂടെ ഗുരുത്വാകര്‍ഷണ കര്‍ത്ത ശൂന്യനാമയെന്ന പേരിലാണു കാര്യങ്ങള്‍ അവതരിപ്പിച്ചത്.
സര്‍വശ്രീ ഡിങ്കശ്രീ ഭൂമിവാതിലന്‍, സ്വാമി സമൂസാനന്ദ, ഡിങ്കാചാര്യ പത്തിരിവൃത്ത ചൈതന്യ, ഡിങ്കാചാരി പത്മിനി ഉപനിഷത്ത് എന്നീ പേരുകളിലാണ് ഓരോ ഡിങ്കോയിസ്റ്റും പ്രസംഗിച്ചത്.വിശ്വാസജീവിതത്തിലെ അസഹിഷ്ണുക്കളുടെ ഈ കൂട്ടായ്മയില്‍ ആയിരക്കണക്കിനു ഫെയ്‌സ്ബുക് ഫോളോവേഴ്‌സുണ്ട്. നടന്മാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് വരെ ഡിങ്കോയിസത്തിന്റെ സഹയാത്രികനാണ്.