ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റിയുടെ അധികാര പരിധി വളരെ വലുത് !.. നയതന്ത്ര ബാഗേജില്‍ വരുന്ന ജൂലിയന്‍ അസാഞ്‌ജേയെ ബ്രിട്ടീഷ് പോലീസ് കാത്തിരുന്നത് ഏഴു വര്‍ഷം.

ലണ്ടൻ :നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. കാർഡ്‌ബോർഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫൽ ബാഗ്, സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നർ എന്നിങ്ങനെ പല രൂപത്തിലും നയതന്ത്ര ബാഗ് വരാം. ഈ ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല. നയതന്ത്ര ഉദ്യോഗസ്ഥർക്കും, നയതന്ത്ര ബാഗിനും അനുവദിച്ചിരിക്കുന്ന ആനൂകൂല്യങ്ങളെ കുറിച്ച് 1961ലെ വിയന്ന കൺവെൻഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല എന്നതുകൊണ്ട് തന്നെ രണ്ടാം ലോക മഹായുദ്ധകാലത്തും മറ്റും നിരവധി വസ്തുക്കളാണ് ബാഗിൽ കയറ്റി അയച്ചിരിക്കുന്നത്. വിൻസ്റ്റൺ ചർച്ചലിന് ക്യൂബൻ സിഗാറുകൾ നയതന്ത്ര ബാഗ് വഴി ത്തെിച്ചുനൽകിയതായി റിപ്പോർട്ട് ഉണ്ട്. 1964ൽ മൊറോക്കൻ വംശജനായ ഇസ്രായേലി ഡബിൾ ഏജന്റായ മൊർദെഖായി ലൂക്കിന് മയക്കുമരുന്ന് നൽകി ബന്ധിപ്പിച്ച് റോമിലെ ഈജിപ്ഷ്യൻ എംബസിയിൽ നയതന്ത്ര മെയിലിംഗ് ക്രേറ്റിൽ കടത്താൻ ശ്രമിച്ചുവെങ്കിലും ഇറ്റാലിയൻ അധികൃതർ രക്ഷപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നയതന്ത്രബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താളവത്തില്‍ നടന്ന സ്വര്‍ണ്ണക്കടത്ത് കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്ന വിവാദം ചെറുതല്ല. അനേകം തവണ ഈ രീതിയില്‍ സ്വര്‍ണ്ണം കടത്തപ്പെട്ടു എന്ന വിവരം അതിന്റെ ഗൗരവം കൂട്ടുകയും ചെയ്യുമ്പോള്‍ സുരക്ഷാ വിഭാഗത്തിന് ഇടപെടാന്‍ കഴിയാത്തത്ര സുരക്ഷിതമായ രീതിയില്‍ പോകുന്ന നയതന്ത്ര ബാഗിന്റെ കരുത്തും ചര്‍ച്ച ചെയ്യപ്പെടുകയാണ്. നയതന്ത്ര ബാഗിന്റെ അധികാര പരിധിയില്‍ വിവാദ വിക്കിലീക്‌സ് നായകന്‍ ജൂലിയന്‍ അസാഞ്‌ജേയെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് പോലീസ് ഇക്വഡോര്‍ എംബസിക്ക് മുന്നില്‍ കാത്തിരിക്കേണ്ടി വന്നത് ഏഴു വര്‍ഷമാണ്.

ഡിപ്ലോമാറ്റിക് പ്രിവിലേജോടെ എത്തുന്ന ബാഗേജുകള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ പരിശോധിക്കാനാകില്ല എന്നതാണ് പിടിക്കപ്പെടും വരെ സ്വര്‍ണ്ണക്കടത്തിന് മറയായി മാറിയത്. നയതന്ത്ര ബാഗേജിന്റെ പരിരക്ഷ ഏറ്റുവാങ്ങി മറ്റൊരു രാജ്യത്തിന്റെ എംബസിയില്‍ അസാഞേ്ജ കഴിഞ്ഞത് വര്‍ഷങ്ങളോളമാണ്. 2019 ഏപ്രിലില്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യും വരെ അസാഞേ്ജ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ സുരക്ഷിതാമായി കഴിഞ്ഞു. ഒടുവില്‍ ഇക്വഡോര്‍ അസാഞേ്ജയ്ക്ക് നല്‍കി വന്ന രാഷ്ട്രീയ അഭയാര്‍ത്ഥി പരിവേഷം എടുത്തുമാറ്റിയ ശേഷമാണ് ബ്രിട്ടീഷ് പോലീസിന് തൊടാനായത്.


രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള ഡോക്യുമെന്റ്‌സാണ് ഡിപ്ലോമാറ്റിക് ബാഗേജ് വിഭാഗത്തില്‍ വരുന്നത്. ഇത്തരം സാധനങ്ങള്‍ മറ്റൊരു രാജ്യത്തില്‍ ഉള്ള അവരുടെ തന്നെ എംബസിയിലേക്കോ, കോണ്‍സുലേറ്റിലേക്കോ കൊണ്ട് വരുന്നവയാണ്. ഇവയില്‍ പ്രത്യേക അനുമതി ഇല്ലാതെ സുരക്ഷാ വിഭാഗത്തിന് തൊടാന്‍ പോലുമാകില്ല എന്നതിന്റെ തെളിവാണ് അസാഞേ്ജയുടെ വാസം. 2012 മുതല്‍ 2019 വരെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ആയിരുന്നു അസാഞേ്ജ കഴിഞ്ഞത്.

2010 ല്‍ അസാഞ്‌ജേയ്ക്ക് എതിരേ ഒരു ലൈംഗിക പീഡന പരാതിയില്‍ സ്വീഡന്‍ കേസെടുത്തിരുന്നു. ഈ സമയത്ത് അസാഞ്‌ജേ ബ്രിട്ടനിലായിരുന്നു. സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടു എന്ന് അസാഞേ്ജയ്ക്ക് എതിരേ രണ്ടു യുവതികളാണ് ആരോപണം ഉന്നയിച്ചത്. 2010 ല്‍ അന്നാ ആര്‍ഡിന്‍ എന്ന യുവതിയാണ് ആദ്യം ആരോപണവുമായി രംഗത്ത് വന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികതയ്ക്ക് അസാഞേ്ജ നിര്‍ബ്ബന്ധിച്ചു എന്നായിരുന്നു ആരോപണം.

പിന്നാലെ സ്‌റ്റോക്ക്‌ഹോമിലേക്കുള്ള ഒരു യാത്രയ്ക്കിടയില്‍ ഉറങ്ങുമ്പോള്‍ തന്നെ ഗര്‍ഭനിരോധന സംവിധാനം ഇല്ലാതെ ലൈംഗികമായി ഉപയോഗിച്ചു എന്ന് ആരോപിച്ച് പെര്‍സണ്‍ എന്ന സ്ത്രീയും എത്തി. സ്വീഡന്‍ കേസെടുത്തു. പക്ഷേ പിടിക്കാന്‍ കഴിഞ്ഞില്ല. രണ്ടു വര്‍ഷം കാത്തിരുന്ന സ്വീഡന്‍ 2012 ല്‍ അസാഞേ്ജയ്ക്ക് എതിരേ യൂറോപ്യന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ സമയത്ത് അസാഞ്‌ജേ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടി.

കസ്റ്റഡിയില്‍ എടുക്കാന്‍ സ്വീഡന്‍ പല തവണ ബ്രിട്ടനെ സമീപിച്ചിട്ടും രക്ഷയുണ്ടായില്ല. കേസില്‍ ചോദ്യം ചെയ്യണം പുറത്താക്കാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടു. സ്വീഡനിലേക്ക് അയച്ചാല്‍ 175 വര്‍ഷം വരെ ജയിലില്‍ തള്ളാന്‍ കഴിയുന്ന 18 കുറ്റങ്ങള്‍ ചുമത്തി കാത്തിരിക്കുന്ന അമേരിക്കയുടെ കയ്യിലേക്ക് അവര്‍ കൈമാറും എന്നായിരുന്നു അസാഞേ്ജയുടെ ഭയം.

2012 ജൂണ്‍ 16 നാണ് ഇക്വഡോര്‍ സര്‍ക്കാര്‍ രാഷ്ട്രീയാഭയം അനുവദിച്ചത്. ജൂണ്‍ 19 മുതലായിരുന്നു അസാഞ്‌ജേ ഇക്വഡോര്‍ എംബസിയില്‍ കയറി. ഇക്വഡോര്‍ ഡിപ്ലോമാറ്റിക് ബാഗേജ് ആയി അസാഞ്ചേയെ പാക്ക് ചെയ്ത് സ്വീഡനല്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് അയയ്ക്കുമെന്ന് ബ്രിട്ടന്‍ കരുതി. ബ്രിട്ടീഷ് പൊലീസ് എംബസിക്കു പുറത്ത് കാവല്‍ നിന്നു. പാക്കേജ് ആയി അസാഞ്ചെയേ കടത്താന്‍ ശ്രമിച്ചാല്‍ തങ്ങള്‍ ഇമ്യൂണിറ്റി ലംഘിക്കുമെന്ന് ഇക്വഡോറിനെ ബ്രിട്ടണ്‍ ഭീഷണിപ്പെടുത്തി. ഇതോടെ നീക്കം അവര്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചു. ഇക്വഡോറുമായി ധാരണകള്‍ ലംഘിച്ച് എംബസിയിലേക്കു കടന്നുകയറാന്‍ ബ്രിട്ടണും മുതിര്‍ന്നില്ല.

ഇതോടെ ഏഴു വര്‍ഷത്തോളം ഈ രീതിയില്‍ അസാഞ്‌ജേ കഴിഞ്ഞു. 2019 ഏപ്രിലില്‍ ഈ പദവി ഇക്വഡോര്‍ എടുത്തു കളഞ്ഞതോടെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഘട്ടത്തില്‍ അസാഞ്‌ജേയെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ 2017 ല്‍ സ്വീഡന്‍ കേസ് പോലും അവസാനിപ്പിച്ചിരുന്നു. പിന്നീട് 2019 ല്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് കേസ് വീണ്ടും തുടര്‍ന്നത്. ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റിയുടെ അധികാര പരിധി വ്യക്തമാക്കിയ വലിയ സംഭവമായിട്ടാണ് ഇതു കണക്കാക്കുന്നത്. ഒരു രാജ്യം അതിന്റെ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ അയക്കുന്ന രേഖകളോ വസ്തുക്കളോ ഡിപ്‌ളോമാറ്റിക് ബാഗേജായിക്കാണ് വരുന്നത്. അംബാസിഡര്‍ക്കും കോണ്‍സുലേറ്റ് ജനറലിനും ഇതര ഡിപ്ലോമാറ്റുകള്‍ക്കും ഒക്കെ ലഭ്യമായ പ്രത്യേക പദവി ഇങ്ങനെ വരുന്ന പാഴ്‌സലിനും ഉണ്ട്. അത് അയയ്ക്കുന്ന രാജ്യമേതാണോ, ആ രാജ്യത്തിന്റെ അനുമതിയില്ലാതെ ഇത്തരം ഒരു പാഴ്‌സല്‍ തുറന്നു പരിശോധിക്കാന്‍ എംബസി പ്രവര്‍ത്തിക്കുന്ന ആതിഥേയ രാജ്യത്തിന്റെ ഏജന്‍സികള്‍ക്ക് അവകാശമില്ല.

Top