തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനിടയില്‍ മോഹന്‍ലാലിന് നേരെ പ്രതിഷേധം ഉയര്‍ത്തിയത് അലന്‍സിയറല്ല. മികച്ച കുട്ടികളുടെ ചിത്രം ഒരുക്കിയ സംവിധായകന്‍ ദീപേഷാണ് ചടങ്ങില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാല്‍ ഇതെല്ലാം അലന്‍സിയറുടെ കൈത്തോക്ക് പ്രകടനത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.
എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങിന്‌റെ വീഡിയോയില്‍ ദീപേഷ് മോഹന്‍ലാലിന്റെ സാന്നിധ്യം പോലും പരിഗണിക്കാതെ അവാര്‍ഡ് വാങ്ങുന്നതും കൈ കൊടുക്കാതെ മടങ്ങുന്നതും വ്യക്തമായി ചിത്രീകരിക്കപ്പെട്ടു. മോഹന്‍ലാല്‍ മുഖ്യാതിഥി ആകുന്നതിനെ എതിര്‍ത്തവരുടെ കൂട്ടത്തില്‍ ദീപേഷും ഉണ്ടായിരുന്നു. ഇതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രകടനം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
ഇന്ന് ദീപേഷ് ഈ സംഭവത്തെക്കുറിച്ച് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുമുണ്ട്. ‘സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും…’ എന്ന് തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ദീപേഷ് പറയുന്നു. ‘ സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ടമുറിയിലായാലും. ഒറ്റ നിലപാട് മാത്രം’ എന്നാണ് ദീപേഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ദീപേഷിന്റെ പ്രകടനത്തിനും പ്രസ്താവനക്കുമടിയില്‍ ഫാന്‍സുകാരുടെ തെറിവിളി തുടങ്ങിയിട്ടുണ്ട്. ദീപേഷിനെ പിന്തുണച്ചും ധാരാളം പേര്‍ ഉണ്ട്.
ജീവസ്സുറ്റ ഫീച്ചര്‍ചിത്രങ്ങള്‍ ഒരുക്കി പച്ചയായ മനുഷ്യജീവിതമാണ് ദീപേഷ് തന്റെ ചിത്രങ്ങളില്‍ ഇതിവൃത്തമാക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മൂന്ന് തവണ നേടിയ നേടിയ ദീപേഷ് വ്യത്യസ്തവും വേറിട്ടതുമായ ഹ്രസ്വചിത്രങ്ങളും ഫീച്ചര്‍ചിത്രങ്ങളും ഒരുക്കി വിസ്മയിപ്പിക്കുകയാണ്. ഹൈസ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ദീപേഷ് ഇതുവരെ അഞ്ച് ഫീച്ചര്‍ ഫിലിമുകള്‍ സംവിധാനംചെയ്തിട്ടുണ്ട്.