കൊച്ചി: നാണം കുണുങ്ങി വന്ന മോഹന്‍ലാല്‍ എങ്ങിനെ താരരാജവായി..മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനെ തേടി നടന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് വന്ന ലാല്‍ അതില്‍ വില്ലനായി. മലയാളിയ്ക്ക് മഹാനടനെ സമ്മാനിച്ച ആ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ഫാസില്‍.
1980 ല്‍ ഫാസില്‍ രചനയും സംവിധാനവും നിര്‍മ്മിച്ച ചിത്രമായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ ജയറാം എന്നീ പുതുമുഖങ്ങളെ വെച്ച് പുറത്തിറക്കിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഈ ചിത്രത്തിലേക്ക് നടന്‍മാരെ തെരഞ്ഞെടുത്ത പ്രക്രിയ പലപ്പോഴും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തുറന്നു പറഞ്ഞിട്ടുള്ളതാണ്.
എന്നാലിപ്പോള്‍ ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് മോഹന്‍ലാലിനെ തെരഞ്ഞെടുത്ത കഥ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍. ഒരു നാണം കുണുങ്ങിയുടെ എല്ലാ ഭാവത്തോടുംകൂടിയാണ് ലാലിനെ ദൈവം ഞങ്ങളുടെ മുമ്പില്‍ ആദ്യം എത്തിച്ചത്. അതൊരു നിമിത്തമാണെന്ന് ഞാന്‍ പറയും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ രൂപം പ്രാപിക്കുമ്പോള്‍ തന്നെ താന്‍ ജിജോയോട് പറഞ്ഞിരുന്നു ‘നമ്മുടെ വില്ലന്‍ ഒരു ബീഭത്സരൂപിയാകരുത്. നാണം കുണുങ്ങിയായാല്‍ നന്നാവും ‘ എന്ന്.
”ചിത്രത്തിന്റെ നിര്‍മ്മാതാവ് നവോദയ അപ്പച്ചന്റെ മകനാണ് ജിജോ. അങ്ങനെ ലേഡീസ് അംബ്രല്ലയും പിടിച്ച് തോളത്തൊരു സഞ്ചിയും തൂക്കി കുണുങ്ങിക്കുണുങ്ങി വന്ന ലാല്‍ തന്റെയും ജിജോയുടെയും മനസ്സിലേക്ക് പെട്ടെന്ന് കയറിക്കൂടിയത് അതുകൊണ്ടാണ്. പ്രകടനം കൂടി നന്നായപ്പോള്‍ താന്‍ ലാലിന് നൂറില്‍ തൊണ്ണൂറ് മാര്‍ക്കും നല്‍കിയെന്നും ഫാസില്‍ പറഞ്ഞു. സിനിമാ വാരികയായ നാനയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഫാസില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരഭിനേതാവ് എന്നുള്ളത് വളരെയേറെ സിദ്ധികള്‍ വേണ്ട ഒരാളാണ്. ഒരു സാധാരണ മനുഷ്യന് വേണ്ട എല്ലാ നന്മകളും അത്യാവശ്യം തിന്മകളും വേണ്ട ഒരാള്‍. നന്മകളെന്നുപറഞ്ഞാല്‍ അയാള്‍ ബുദ്ധിമാനായിരിക്കണം. അര്‍പ്പണമനോഭാവവും കഠിനാദ്ധ്വാനിയുമായിരിക്കണം. നല്ല വിനയമുള്ള ആളായിരിക്കണം. സൗഹൃദം സൂക്ഷിക്കുന്നവനായിരിക്കണം. കവിഹൃദയമുള്ളവനായിരിക്കണം. സംഗീതത്തെ സ്നേഹിക്കുന്നവനായിരിക്കണം. മനുഷ്യനോടുള്ള സമീപനത്തില്‍ നന്മ മാത്രം തിരിച്ചറിയുവാന്‍ പാകതയുള്ളവനായിരിക്കണം. ഇനി തിന്മയെക്കുറിച്ചാണെങ്കില്‍ ചുരുങ്ങിയപക്ഷം കള്ളനെ കള്ളനായി കാണാനും, അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാനുള്ള തന്ത്രജ്ഞത എങ്കിലും ഉണ്ടാകണം. ഈ സിദ്ധികള്‍ മുഴുവനും ഒത്തുചേര്‍ന്ന ഒരു അഭിനേതാവേ നമുക്കുള്ളൂ. അത് മോഹന്‍ലാലാണെന്നും ഫാസില്‍ പറയുന്നു. –
ഈ സിദ്ധിവിശേഷങ്ങളില്‍ നിന്നാണ് ലാലെന്ന നടനുണ്ടായിരിക്കുന്നത്. അത് ദൈവത്തിന്റെ വരദാനമാണ്. ഇങ്ങനെ ദൈവസ്പര്‍ശമുള്ള അനവധി നടന്മാര്‍ നമുക്കുണ്ട്. അവരില്‍നിന്നൊക്കെ ലാല്‍ വ്യത്യാസപ്പെടുന്നത് ഈ സിദ്ധിവൈശിഷ്ട്യങ്ങളിലെ ആധിക്യം കൊണ്ടു തന്നെയാണെന്നും ഫാസില്‍ വ്യക്തമാക്കി. –
ലാലിനെ വച്ച് ഞാന്‍ ഒമ്പത് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ. അത് എണ്ണത്തില്‍ തുച്ഛമാണ്. എന്നാല്‍ മലയാളത്തിലാകെ ഇരുപത് സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ നോക്കിയാല്‍ എന്റെ പകുതിയോളം സിനിമകളില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ടെന്ന് കാണാം. അത് ഞങ്ങളുടെ ആത്മബന്ധത്തിന്റെ ഉദാഹരണമാണെന്നും ഫാസില്‍ ചൂണ്ടിക്കാട്ടി. –