സിനിമാ ഡെസ്‌ക്
കൊച്ചി: പ്രമുഖ നടിയെ കാറിനുള്ളിൽ പീഡിപ്പിച്ചതിനു പിന്നാലെ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് കൂടുതൽ നടിമാർ രംഗത്ത്. സംസ്ഥാന അവാർഡ് ജേതാവ് പാർവതിയ്ക്കു പിന്നാലെ ദേശീയ അവാർഡ് ജേതാവ് സുരഭിയാണ് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയത്.
നേരിട്ടോ, ശരീരത്തിൽ സ്പർശിക്കുന്ന രീതിയിലോ മോശമായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും വാക്കുകൾ കൊണ്ടു ഒരു സംവിധായകൻ തന്നോടു മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് സുരഭി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ ഒരു ഷൂട്ടിങ് സൈറ്റിൽ വച്ച് തന്റെ അരികിലെത്തിയ സംവിധായകൻ മറ്റൊരു നടിയുടെ അർധനഗ്നയായ ഫോട്ടോ കാട്ടിയ ശേഷം, ഒരു വഷളൻ ചിരിയോടെ ഇതു പോലെ ആകേണ്ടേ എന്ന ചോദ്യം ഉന്നയിക്കുകയായിരുന്നു. തന്റെ ശരീരത്തിലേയ്ക്കു വഷളൻരീതിയിൽ നോട്ടമെറിഞ്ഞായിരുന്നു ഈ ചോദ്യം.
ആദ്യം ഒന്നു പകച്ചെങ്കിലും, ചോദ്യത്തിനു ഇതേ താളത്തിൽ തന്നെ സുരഭി സംവിധായകനു മറുപടി നൽകി. സാറിന്റെ മകൾക്കു 18വയസായില്ലേ. അവൾക്ക് എന്നേക്കാൾ ശരീര പുഷ്ടിയുണ്ട്. അവളെ ഈ വസ്ത്രങ്ങൾ ധരിപ്പിച്ചാൽ ഭംഗിയായിരിക്കും. സുരഭിയുടെ ഈ മറുപടിയോടെ സംവിധായകൻ ശരിക്കും ഞെട്ടി.