
പാലക്കാട് : കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഡി.ജെ പാർട്ടി നടത്തി പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിലെ വിദ്യാർത്ഥികൾ. അഞ്ഞൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തത്.
സംഭവത്തിൽ കോളേജ് പ്രിൻസിപ്പാളിനും വിദ്യാർഥികൾക്കുമെതിരെ പട്ടാമ്പി പോലീസ് കേസെടുത്തിട്ടുണ്ട്. നൂറിൽ താഴെ വിദ്യാർഥികൾ മാത്രമേ പരിപാടിയിൽ പങ്കെടുക്കുന്നുള്ളൂ എന്നായിരുന്നു പ്രിൻസിപ്പാൾ ആദ്യം പറഞ്ഞത്.
പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പട്ടാമ്പി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തവരാരും മാസ്ക് ധരിക്കുകയോ സാമൂഹിക ആകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
കഴിഞ്ഞ ദിവസത്തെ പാലക്കാട്ടെ രോഗ സ്ഥിരീകരണ നിരക്ക് 31.08 ശതമാനമാണ്. പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിലെ അവസാന വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കോവിഡ് പടരുന്ന സാഹചര്യത്തിൽ പരിപാടി മാറ്റിവെക്കണമെന്ന് ഒരു വിഭാഗം അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ തയ്യാറായിരുന്നില്ല.