കൊച്ചി: കൊച്ചിയിലെ ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് പോലീസ് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കൊച്ചിയിലെ പ്രധാന സ്റ്റാര്‍ ഹോട്ടലുകള്‍ പോലീസ് നിരീക്ഷണത്തിലായി. നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഇടപെടല്‍. അതിനിടെ ഇത് നിരോധനമോ, നിയന്ത്രണമോ അല്ലെന്നും കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതലുകളെടുക്കുകയാണു ചെയ്യുന്നതെന്നും കമ്മിഷണര്‍ എംപി. ദിനേശ് വ്യക്തമാക്കി. അതേ സമയം പോലീസ് നടപടി തുഗ്ലക്ക് പരിഷാക്കാരണമാണെന്നും വിമര്‍ശനമുയരുന്നുണ്ട്. കൊച്ചി പോലുള്ള നഗരത്തില്‍ യുവതി യുവാക്കള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറയുന്നത് പോലീസിന്റെ പണിയല്ലെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.
ഇതിനു മുന്നോടിയായി ചൊവ്വാഴ്ച ഹോട്ടല്‍ മാനേജ്മെന്റുകളുമായി ഡിസിപി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ ഇന്ന് ചര്‍ച്ച നടത്തും. കഴിഞ്ഞ പുതുവല്‍സരാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ പൊലീസിനു ലഭിച്ചിരുന്നു. ലഹരി ഉപയോഗവും സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റവുമുള്‍പ്പെടെയുള്ള പരാതികളായിരുന്നു കൂടുതല്‍. കൊച്ചിയില്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്നാണു കണക്കുകള്‍. ഈ പശ്ചാത്തലത്തിലാണു നിശാ പാര്‍ട്ടി നടത്തിപ്പിനു നിബന്ധന വയ്ക്കാനുള്ള തീരുമാനം. പൊലീസിന്റെ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ഹോട്ടല്‍ മാനേജറും കേസില്‍ പ്രതിയാകും.
ലഹരി വില്‍പന ലക്ഷ്യമിട്ട് ചില ഹോട്ടലുകളില്‍ യുവതീയുവാക്കളെയോ, അവിവാഹിതരെയോ മാത്രം നിശാ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കുന്ന രീതിയുണ്ട്. ഇത് അനുവദിക്കില്ല. ആഘോഷം ഹോട്ടലിനുള്ളില്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്തുതന്നെ വേണമെന്നും ആഘോഷിക്കാന്‍ റോഡിലിറങ്ങി അപകടമോ, മറ്റുള്ളവര്‍ക്കു ശല്യമോ ഉണ്ടാക്കരുതെന്നുമാണ് മറ്റൊരു നിബന്ധന. പാര്‍ട്ടികളില്‍ നിരോധിത ലഹരി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുതെന്നും പൊലീസ് ഹോട്ടലുടമകളോട് ആവശ്യപ്പെടും.
ലഹരി വില്‍പനയുമായി ബന്ധപ്പെട്ടു കഴിഞ്ഞ 11 മാസത്തിനിടെ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്തത് 1034 കേസുകളാണ്. 1200 പേര്‍ അറസ്റ്റിലായി. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി പത്തിനുശേഷ മദ്യം വിളമ്പരുതെന്നും 21നു താഴെ പ്രായമുള്ളവര്‍ക്ക് മദ്യം നല്‍കരുതെന്നും നിലവില്‍ നിയമമുണ്ട്. ഇത് എങ്ങനെ നടപ്പാക്കാമെന്നാണ് ആലോചന. നിശാപാര്‍ട്ടികളില്‍ കുടുംബങ്ങള്‍ക്കു പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കണമെന്നതാണു പൊലീസിന്റെ പുതിയ നിബന്ധനകളിലൊന്ന്. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഹോട്ടല്‍ മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തശേഷം നിബന്ധനകളില്‍ അന്തിമതീരുമാനമെടുക്കും.