ചെന്നൈ: പ്രശസ്ത ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് ആരോപണം. കോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒരു സംഘമാളുകൾ വിലക്കിയെന്നും ദേഹോപദ്രവമേൽപിച്ചെന്നുമാണ് ആരോപണം. മതത്തിന്റെ പേരിലാണ് സാക്കിർ ഹുസൈന് ക്ഷേത്രപ്രവേശനം വിലക്കിയത്.
മുമ്പ് പലതവണ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും കോവിലിനുള്ളിൽ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ടെന്നും ഹുസൈൻ പറഞ്ഞു. ആദ്യമായാണ് ഇങ്ങനൊരു അനുഭവമുണ്ടാകുന്നത്. രംഗരാജൻ നരസിംഹൻ എന്നയാളാണ് തന്നെ തടഞ്ഞതെന്നും മതത്തിന്റെ പേരിലാണ് പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അക്ഷരാർത്ഥത്തിൽ തള്ളി പുറത്താക്കുകയായിരുന്നെന്ന് സാക്കിർ ഹുസൈൻ പറഞ്ഞു. സംഭവം വിവാദമായതോടെ തമിഴ്നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
മർദനമേറ്റ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിൽ പരാതി നൽകി. തമിഴ്നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നൃത്തപരിപാടി അവതരിപ്പിച്ചിട്ടുള്ള സാക്കിർ തമിഴ്നാട് സർക്കാറിന്റെ ‘കലൈമാമനി’ പുരസ്കാര ജേതാവാണ്. ഇതാദ്യമായാണ് മതത്തിന്റെ പേരിൽ മർദനമേൽക്കേണ്ടിവന്നതെന്നും കടുത്ത മാനസികാഘാതത്തിലാണെന്നും സാക്കിർ ഹുസൈൻ പറഞ്ഞു.