കണ്ണൂര്‍: വൈദീകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവതിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്താല്‍ കടുത്ത നടപടിയെന്ന് പോലീസ്. ഇതു സംബന്ധിച്ച് സൈബര്‍ പൊലീസ് അന്വേഷണം തുടഹ്ങിയിട്ടുണ്ട്. കണ്ണൂര്‍ കൊട്ടിയൂരില്‍ പീഡനത്തിനിരയായി പ്രസവിച്ച 16കാരിയുടെ ചിത്രങ്ങള്‍ എന്ന തരത്തിലാണ് പ്രചാരണം. വൈദികനെ വീഴ്ത്തിയ കുഞ്ഞാട് എന്ന വിശേഷണവും ഉണ്ട്. വികാരിയച്ചന്റെ വികാരം ഇളക്കിയ പെണ്‍കുട്ടിയെ കണ്ടോ എന്ന സന്ദേശത്തിനൊപ്പവും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
അതിനിടെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് പീഡകനായ ഫാ റോബിനെ സഹായിക്കാനാണെന്നാണ് പ്രാഥമിക സൂചന. പെണ്‍കുട്ടിയെ സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമം. മോശക്കാരിയാണ് പെണ്‍കുട്ടിയെന്ന സൂചനയോടെ സന്ദേശങ്ങളും പ്രചരിക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേരോ മറ്റ് സൂചനകളോ പുറത്തുവിടരുതെന്നാണ് നിയമം. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം നടിയുടെ പേര് സഹിതമാണ് വാര്‍ത്ത കൊടുത്തത്. എന്നാല്‍ പിഡന ശ്രമത്തിന് കേസെടുത്തതോടെ ഇതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറി. ഇതിന് സമാനമായ സാഹചര്യമാണ് ഇവിടേയും ഉള്ളത്. അതുകൊണ്ട് തന്നെ വാട്‌സ് അപ്പില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നവരെ കണ്ടെത്താനാണ് പൊലീസ് തീരുമാനം.
മാനഭംഗ കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നത് ഐപിസി 228 (എ) പ്രകാരം ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. ഇക്കാര്യത്തില്‍ ഇര പരാതി നല്‍കിയില്ലെങ്കില്‍ പോലും നടപടിയെടുക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും പൊലീസിനുണ്ട്. നിയമം അറിയാത്തത് തെറ്റ് ചെയ്യാനുള്ള മാനദണ്ഡമല്ലെന്നാണ് ഐപിസി പറയുന്നത്. അതുകൊണ്ട് തന്നെ ഐപിസി 228 എയെ കുറിച്ച് അറിയില്ലെന്ന വാദത്തോടെ ചിത്രം പ്രസിദ്ധീകരിച്ചവര്‍ക്ക് പ്രതിരോധം തീര്‍ക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്.
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ സമാനമായ സാഹചര്യം ഒഴിവാക്കാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നടിയെ തട്ടിക്കൊണ്ട് പോയി എന്നാണ് ആദ്യം വാര്‍ത്ത വന്നത്. അതുകൊണ്ടാണ് നടിയുടെ പേര് പുറത്തായത്. അതിന് ശേഷം പീഡനക്കേസിലേക്ക് കാര്യങ്ങളെത്തി. ഇത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ആരും നടിയുടെ പേര് ഇനി ഉപയോഗിക്കരുതെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ കൊട്ടിയൂരിലേത് പീഡനമായി തന്നെയാണ് ആദ്യം മുതലേ വാര്‍ത്ത എത്തിയത്. മാധ്യമങ്ങള്‍ ആരും പേര് നല്‍കിയതുമില്ല.
അതുകൊണ്ടാണ് വാട്‌സ് ആപ്പിലൂടെ ചിത്രം പ്രചരിപ്പിക്കുന്ന ഗുരുതര കുറ്റമാകുന്നത്. ഇനി അത് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടേതല്ലെങ്കിലും കുറ്റം ഗൗരവതരമാകും. കാരണം ഒരു പെണ്‍കുട്ടിക്ക് മാനഹാനിയുണ്ടാക്കുന്ന വാക്കുകളാണ് ഇതിനൊപ്പം പ്രചരിക്കുന്നത്.