സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. വസ്ത്രാപൂര്‍ സ്വദേശിയും ഹോമിയോ ഡോക്ടറുമായ ഡോക്ടര്‍ മൗന്‍വി ഷായെയാണ് (39) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പില്‍ ഭര്‍തൃ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതിനാലാണ് കെട്ടിത്തൂങ്ങി മരിക്കുന്നതെന്ന് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
2007 ജനുവരിയില്‍ വാസ്‌ന സ്വദേശി നീരജ് ഷായുമായിട്ടായിരുന്നു ഡോക്ടറുടെ വിവാഹം. വിവാഹം കഴിഞ്ഞയുടനെ തന്നെ ഭര്‍തൃ വീട്ടുകാര്‍ 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതിനെ തുടര്‍ന്ന് മൗന്‍വിയെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി മാതാവ് മീനാക്ഷി പോലീസിന് മൊഴി നല്‍കി. ഹണി മൂണ്‍ യാത്ര കഴിഞ്ഞ ശേഷവും നീരജില്‍ മാറ്റമൊന്നുമുണ്ടായില്ലെന്ന് മൗന്‍വി മാതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് 2011 മുതല്‍ യുവതി സ്വന്തം വീട്ടില്‍ രക്ഷിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ മൗന്‍വിയുടെ പിതാവ് മരിച്ചപ്പോള്‍ നീരജിന്റെ വീട്ടില്‍ നിന്നും ആരും ചെന്നില്ലായിരുന്നു. ഇത് ഇവരുടെ ബന്ധം കൂടുതല്‍ വഷളാക്കിയതായി പോലീസ് പറഞ്ഞു. കൂടാതെ ഫെബ്രുവരിയില്‍ ഭര്‍ത്താവും മാതാവും വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നും ഇത് ഡോക്ടറെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയതായും പോലീസ് വ്യക്തമാക്കി.