കൊച്ചി: ലക്ഷങ്ങള്‍ കോഴവാങ്ങി ലിവിഡസ് മരുന്ന് കമ്പനിയുടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക് അടിച്ചേല്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ ജയനെതിരെ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്ത പുറത്ത് വന്നതോടെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നത്. ഡോക്ടര്‍ക്കെതിരെ വിവിധ സംഘടനകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. യുവജന സംഘടനകളുടെ പ്രതിഷേധം ഭയന്ന് ദിവസങ്ങളായി ഡോക്ടര്‍ ആശുപത്രിയിലെ ഒ പി ഒഴിവാക്കിയിരിക്കുകയാണ്. വിവിധ സംഘടനകള്‍ ഡോക്ടര്‍ക്കെതിരെ പോസ്റ്റര്‍ പ്രചരണവുമായി രംഗത്തെത്തയിരുന്നു.
ഡോക്ടര്‍ക്കെതിരെ സംഘടനകളുടെ പരസ്യ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്. ഡോക്ടര്‍മാരും മരുന്നുകമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ട് തെളിവു സഹിതം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടതോടെയാണ് ഡോക്ടര്‍മാരും മരുന്നു കച്ചവടക്കാരും നടത്തുന്ന കൊള്ള ജനമറിഞ്ഞത്. ഒരു ഡോക്ടര്‍ക്ക് പ്രതിമാസം അമ്പതിനായിരത്തിലധികം രൂപയാണ് ലിവിഡസ് കമ്പനി മാത്രം നല്‍കുന്നത്. ഇത്തരത്തില്‍ നിരവധി കമ്പനികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയാണ് ഡോക്ടര്‍മാര്‍ രോഗികളെ ചൂഷണം ചെയ്യുന്നത്. പാവപ്പെട്ടവരില്‍ പാവപെട്ടവരെത്തുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ഈ കൊള്ളയ്ക്ക് കൂട്ട് നില്‍ക്കുകയാണ്.
പറവൂര്‍ താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ജയനും എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ വിജുജോര്‍ജ്ജും മരുന്ന് കമ്പനിയില്‍ നിന്ന് കോഴവാങ്ങുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വൈറലായതോടെയാണ് പരസ്യ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയത്. പറവൂരിലെ ഡോക്ടര്‍ ജയന്‍ ലിവിഡസ് മരുന്ന് കമ്പനിയുടെ മരുന്നുകള്‍ കൂടുതലായി രോഗികള്‍ക്ക് കുറിക്കാറുണ്ടെന്ന് ആശുപത്രിയ്ക്ക് സമീപത്തെ മെഡിക്കല്‍ ഷോപ്പുടമകള്‍ക്കും സമ്മതിക്കേണ്ടിവന്നു. ഈ ഡോക്ടറുടെ വീട്ടില്‍ പ്രൈവറ്റ് പ്രാക്ടീസിന് മാത്രം ദിനം പ്രതി നൂറിനടുത്ത് രോഗികള്‍ എത്തുന്നുണ്ട്. ഇവരില്‍ നിന്ന് 150 രൂപവീതമാണ് ഡോക്ടര്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത്. താലുക്ക് ആശുപത്രിയിലെത്തുന്ന രോഗികളെ തന്റെ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നിടത്തേയ്ക്ക് ചികിത്സക്കെത്താന്‍ ആവശ്യപ്പെടുന്നതും സ്ഥിരമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വരുന്നതോടെ നിരവധി സംഘടനകള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയേക്കും.
സ്വകാര്യ ഡോക്ടര്‍മാര്‍ക്കൊപ്പം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും മരുന്ന് കമ്പനികളില്‍ നിന്ന് കോഴവാങ്ങുന്നതാണ് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നത്. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ട രേഖകള്‍ പൊതുപ്രവര്‍ത്തകര്‍ വിജിലന്‍സിനും മെഡിക്കല്‍ കൗണ്‍സിലിനും കൈമാറിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയ്ക്കും പരാതി നല്‍കിയട്ടുണ്ട്.