![](https://dailyindianherald.com/wp-content/uploads/2016/05/vip.png)
പെരുമ്പാവൂര്‍: പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ വിഐപികള്‍ ഉള്‍പ്പെടെ ആരും വന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ജിഷയുടെ അമ്മ രാജേശ്വരിയെ പ്രവേശിപ്പിച്ചിരിക്കുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജിഷയുടെ അമ്മയ്ക്ക് പൂര്‍ണമായ വിശ്രമമാണ് വേണ്ടതെന്നും മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും അവര്‍ അറിയിച്ചു. ജിഷയുടെ മരണത്തെ തുടര്‍ന്നുളള മാനസിക ബുദ്ധിമുട്ടുകളാണ് ഉള്ളതെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സിജു പറഞ്ഞു. മരുന്നുകള്‍ കഴിച്ചു കഴിഞ്ഞാല്‍ കുറച്ചു സമയം പോലും അവര്‍ക്ക് വിശ്രമിക്കാനുള്ള സമയം കിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതിനിടയില്‍ അവരെ ആരെങ്കിലും കാണാനെത്തുകയും അവരോട് സങ്കടങ്ങള്‍ പറഞ്ഞ് അഅലറിക്കരുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
ജിഷയുടെ അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ എല്ലാവരും സഹകരിക്കണമെന്നും അവര്‍ക്ക് മനസമാധാനത്തോടെ കിടക്കാന്‍ കഴിയുന്നതാണ് അവര്‍ക്കുള്ള ഇപ്പോഴത്തെ ചികിത്സയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ച്ചയായി സന്ദര്‍ശകര്‍ എത്തുന്നതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ട് കൂടുകയാണ്. അതുകൊണ്ട് ദയവുചെയ്ത് ആരും വന്ന് അവരെ സന്ദര്‍ശിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് ഞങ്ങള്‍ അപേക്ഷിക്കുകയാണെന്നും ഡോ.സിജു പറഞ്ഞു.