ശമ്പളം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരത്തില്‍

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം പുത്തരിയില്ല. പല മേഖലകളിലും ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ശമ്പളം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നു എന്നത് പുതിയ കാര്യം തന്നെയാണ്. ഈ വിചിത്ര സമരം നടക്കുന്നത് കാനഡയിലാണ്. ഡോക്ടര്‍മാരാണ് സമരരംഗത്തുള്ളത്. അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഒപ്പുശേഖരണം നടത്തിയത്. സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ ഇവര്‍ ഒപ്പുശേഖരണം നടത്തിവരികയാണ്. ശമ്പള വര്‍ധനവല്ല മികച്ച ആരോഗ്യ സംവിധാനമാണ് വേണ്ടതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന 70 കോടി ഡോളര്‍, നഴ്‌സുമാര്‍ക്കും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പള വര്‍ധനയായി നല്‍കണമെന്നും പരാതിയില്‍ പറയുന്നു. 403,537 ഡോളറാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഈ വര്‍ഷം വര്‍ധനവുണ്ടാകുക.

Top