
സ്വന്തം ലേഖകൻ
കോട്ടയം: മൃഗസ്‌നേഹിയുടെ സംരക്ഷണയിൽ നിന്ന് തുടലുപൊട്ടിച്ചോടിയ നായ വഴിപോക്കരായ ആറുപേരെ കടിച്ച് പരിക്കേൽപ്പിച്ചു. കോട്ടയം കുഴിമറ്റം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വലിയപറമ്പിൽ രാജു, കല്ലുപ്പറമ്പിൽ ജയമ്മ, ജിഷ്ണു, രേഷ്മ, ജോണി, കുന്നേൽ ഉലഹന്നാൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.
ഒരുമാസം മുൻപ് അലഞ്ഞുതിരിഞ്ഞു വീട്ടിൽ കയറിവന്നനായയെ സഹതാപം തോന്നിയ മൃഗസ്‌നേഹി കെട്ടിയിട്ട് വളർത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് തുടലുപൊട്ടിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കണ്ണിൽ കണ്ടവരെയൊക്കെ നായ കടിച്ചുകുടഞ്ഞു. വലിയപറമ്പിൽ രാജുവിനാണ് ആദ്യം കടിയേറ്റത്. പിന്നാലെ ജയമ്മ, രേഷ്ണ, ജിഷ്ണു, ജോണി എന്നിവരെ ആക്രമിച്ചിട്ട് ഓടിപ്പോയി തുരുത്തിപ്പള്ളി ഭാഗത്തുള്ള പൊന്തക്കാട്ടിൽ ഒളിച്ചു. അവസാനം കടിയേറ്റ ഉലഹന്നാൻ (62) നായയെ വകവരുത്താൻ പിന്നാലെ കൂടിയതാണ്. പട്ടിപിടുത്തത്തിൽ അഗ്രഗണ്യനായ ഇദ്ദേഹം പൊന്തക്കാട്ടിൽ കയറി കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് കാലിൽ കടിയേറ്റത്. അതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച നായയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിക്കൊല്ലുകയായിരുന്നു.