ന്യൂസ് ബ്യൂറോ
കൊച്ചി: അക്രമകാരികളായ തെരുവ് നായകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി തെരുവുനായ്ക്കളെ പിടിച്ച് കല്‍പ്പറ്റയിലെ തന്റെ സ്വന്തം ഭൂമിയില്‍ സംരക്ഷിക്കുന്നതിനു തടസം നില്‍ക്കുന്നവര്‍ക്കെതിരെ ഡോ. ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചു.
തുടര്‍ന്ന് ഹൈക്കോടതി വയനാട് ജില്ലാ കലക്ടര്‍, എ ഡി എം എന്നിവരുടെ നിര്‍ദ്ദേശം എന്താണെന്ന് അറിയിക്കുവാന്‍ ഗവണ്മെന്റ് പ്ലീഡറോട് ആവശ്യപ്പെടുകയും ഈ ഹര്‍ജ്ജി അടുത്തയാഴ്ചയില്‍ പരിഗണിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
കഴിഞ്ഞദിവസസം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കല്‍പ്പറ്റ എം.എല്‍.എ. കെ.കെ. ശശീന്ദ്രന്‍ ബോബി ചെമ്മണൂര്‍ പിടികൂടിയ തെരുവ് നായ്ക്കളെ കല്‍പ്പറ്റയിലെ സ്വന്തം സ്ഥലത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രശ്‌നം ഉന്നയിച്ചു.തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇതിനെപ്പറ്റി അന്വേഷിക്കാമെന്ന് മറുപടി നല്‍കി. അതേസമയം ആരെങ്കിലും സ്വന്തം നിലയില്‍ തെരുവ് നായ്ക്കളെ പിടിച്ച് സംരക്ഷിക്കാന്‍ തയ്യാറായാല്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.