മെക്സിക്കോ സിറ്റിയുടെ ദക്ഷിണഭാഗത്തായി സോചിമികോ കനാലുകളുടെ ഇടയിൽ ഒരു ചെറിയ ദ്വീപുണ്ട്. കാടുകയറി ആകെ ശോകമൂകമായി കിടന്നിരുന്ന ഈ ദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് ഇതിന്‍റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പൂർവികർ ഒരിക്കലും കരുതിക്കാണില്ല.
പണ്ട് പ്രത്യേകിച്ച് ഒരു പേരുപോലുമില്ലാതിരുന്ന ഈ ദ്വീപ് ഇന്നറിയപ്പെടുന്നത് പാവകളുടെ ദ്വീപ് എന്നാണ്. കാലപ്പഴക്കത്തിൽ വിരൂപമായിത്തീർന്ന നൂറുകണക്കിന് പാവകളാണ് മനുഷ്യവാസമില്ലാത്ത ഈ ദ്വീപിലെ താമസക്കാർ. ഏതാനും പതിറ്റാണ്ടുകളുടെ പഴക്കം മാത്രമേയുള്ള ഈ പാവദ്വീപിന്. ഡോണ്‍ ജൂലിയൻ സാന്‍റാന ബരീര എന്നയാളുടേതായിരുന്നു ഈ ചെറിയ ദ്വീപ്.
പുറംലോകവുമായി അധികം ഇടപഴകാതിരുന്ന ഇദ്ദേഹം ദ്വീപിലുള്ള ഒരു ചെറിയ വീട്ടിൽ തനിച്ചായിരുന്നു താമസം. ഒരിക്കൽ ദ്വീപിന്‍റെ സമീപത്തെ നദിയിലൂടെ ഒരു പെണ്‍കുഞ്ഞിന്‍റെ മൃതദേഹം ഒഴുകിനടക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു.
ആരോ ആ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചുകൊന്നതിന് ശേഷം അവിടെ ഉപേക്ഷിച്ചതായിരുന്നു. ആരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കണ്ടുപിടിക്കാൻ പോലീസിനു കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങൾക്കുശേഷം ഇതേ നദിയിൽനിന്ന് ഡോണ്‍ ജൂലിയന് ഒരു പാവയെ കിട്ടി. മരിച്ച പെണ്‍കുട്ടിയുടെ പാവയായിരുന്നു അത്. അദ്ദേഹം ആ പാവയെടുത്തു ദ്വീപിലെ ഒരു മരത്തിൽ തൂക്കിയിട്ടു. ആ പെണ്‍കുട്ടിയുടെ ആത്മാവിനോടുള്ള ബഹുമാനസൂചകമായാണ് ഇങ്ങനെ ചെയ്തത്. എന്നാൽ ഇതിനുശേഷം ഡോണ്‍ ജൂലിയൻ ആ സമീപപ്രദേശങ്ങളിലുള്ളവരോടൊക്കെ പറഞ്ഞ കഥകൾ ഞെട്ടിക്കുന്നതായിരുന്നു. ആ പാവയിൽ കയറിയ മരിച്ച പെണ്‍കുട്ടിയുടെ ആത്മാവ് ഡോണ്‍ ജൂലിയനെ പേടിപ്പിക്കാൻ തുടങ്ങിയത്രേ.
ആ ആത്മാവിനെ പ്രീതിപ്പെടുത്താനായി ഡോണ്‍ ജൂലിയൻ കൂടുതൽ പാവകളെ വാങ്ങി ദ്വീപിന്‍റെ അവിടെയുമിവിടെയുമെല്ലാം തൂക്കിയിടാൻ തുടങ്ങി.കുട്ടികൾ കളിച്ചിട്ട് ഉപേക്ഷിച്ച പാവകളും അദ്ദേഹം ശേഖരിച്ചുകൊണ്ടുവന്ന് ദ്വീപിലെ മരങ്ങളിൽ തൂക്കിയിട്ടുകൊണ്ടിരുന്നു. ഓമനത്ത്വമുള്ള മുഖത്തോടുകൂടിയ പാവകളേക്കാൾ ഭീകരമായ മുഖങ്ങളുള്ള പാവകളണ് ഡോണ്‍ ജൂലിയൻ ശേഖരിച്ചുകൊണ്ടുവന്നത്. കുട്ടികൾ ഉപേക്ഷിച്ച പാവകൾ പലതും അംഗഭംഗം വന്നവയായിരുന്നു.
ഇത് അവയുടെ ഭീകരത ഇരട്ടിയാക്കി.ആ പെണ്‍കുഞ്ഞിനെ രക്ഷിക്കാൻ കഴിയാത്തതിൽ ഡോണ്‍ ജൂലിയൻ വളരെയധികം അസ്വസ്ഥനായിരുന്നു. മെക്സിക്കോ സിറ്റിയാകെ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന് ജൂലിയൻ ഭീകരമുഖമുള്ള പാവകളെ ശേഖരിച്ച് ദ്വീപിലെത്തിച്ചു. അന്പതുവർഷം ജൂലിയൻ അങ്ങനെ ജീവിച്ചു. 2011 ൽ ആ പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ നദിയിൽനിന്നുതന്നെ പ്രദേശവാസികൾ ജൂലിയന്‍റെ മൃതദേഹവും കണ്ടെത്തി. ആ ദ്വീപിലുള്ള ആത്മാക്കൾക്കൊപ്പം ജൂലിയന്‍റെ ആത്മാവും ചേർന്നു എന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. ജൂലിയന്‍റെ മരണശേഷം ഈ ദ്വീപിനെക്കുറിച്ച് പല പേടിപ്പിക്കുന്ന കഥകളും പരക്കാൻ തുടങ്ങി. ദ്വീപിലുള്ള പാവകൾക്കൊക്കെ രാത്രിയിൽ ജീവൻ വയ്ക്കുമത്രേ. ഇവർ പരസ്പരം സംസാരിക്കുമെന്നും ദ്വീപിൽ ആരെങ്കിലും ചെന്നാൽ അവരുടെ ശരീരത്ത് കയറാൻ ശ്രമിക്കുമെന്നുംവരെ കഥകൾ പരന്നു.
വെയിലും മഴയും മഞ്ഞുമൊക്കെയേറ്റു കിടക്കുന്ന ഈ പാവകളുടെ ശരീരത്തിൽ പായലും പൂപ്പലുമൊക്കെ പിടിച്ചുതുടങ്ങി. ചെളിയും മാറാലയും അവയെ പൊതിഞ്ഞു. ഇത് അവരുടെ ഭീകരത വീണ്ടും കൂട്ടി. പകൽ പോലും കണ്ടാൽ പേടിതോന്നുന്ന ഈ പാവകളുടെ കഥകൾ കേട്ട് ആളുകൾക്ക് ഇങ്ങോട്ടു വരാൻ പേടിയായിരുന്നു. എന്നാൽ പതുക്കെ പതുക്കെ ആളുകൾ ഈ ദ്വീപിലേക്ക് എത്തിത്തുടങ്ങി.
വരുന്നവരെല്ലാം പാവകളുമായാണ് എത്തിയത്. അവർ ആ പാവകളെ മരങ്ങളിൽ തൂക്കിയിട്ടു. ഈ ദ്വീപിനെക്കുറിച്ച് അറിഞ്ഞ് പത്രക്കാരും ടെലിവിഷൻ പ്രവർത്തകരുമെല്ലാം ഇവിടേക്കെത്തി. അതോടെ പാവകളുടെ ദ്വീപിന്‍റെ പ്രശസ്തി വർധിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ടൂറിസ്റ്റുകൾ ഇവിടെ എത്താറുണ്ട്.ഇപ്പോഴും ഇവിടെ എത്തുന്നവർ പാവകളെ കൊണ്ടുവരാറുണ്ട്. ആയിരക്കണക്കിന് പാവകളാണ് ഇപ്പോൾ ഈ ദ്വീപിൽ അധിവസിക്കുന്നത്.
മെക്സിക്കോ സിറ്റിയിൽനിന്ന് 28 കിലോമീറ്റർ മാറിയാണ് പാവകളുടെ ദ്വീപ് സ്ഥിതിചെയ്യുന്നത്. കനാൽവഴി ബോട്ടിലൂടെ മാത്രമെ ഇവിടെ എത്താൻ സാധിക്കുകയുള്ളു.ഇടദിവസങ്ങളിൽ ഇവിടെ വലിയ തിരക്കില്ലെങ്കിലും അവധി ദിവസങ്ങളിൽ ഈ പേടിപ്പിക്കുന്ന പാവകളെ കാണാൻ നിരവധി ആളുകൾ എത്തും.