ഇരിട്ടി :ഐഎസ്എസ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കണ്ണൂരിലെ കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള ഡോണ ഫ്രാന്‍സിസ് എന്ന മിടുക്കി കരസ്ഥമാക്കി. ഡോണയുടെ ഈ ത്രസിപ്പിക്കുന്ന വിജയം മലയോരമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവേശം നല്‍കിയിരിക്കയാണ്. യുവ തലമുറ കണ്ടു പഠിക്കണം ഡോണ ഫ്രാന്‍സിസ് എന്ന മിടുക്കിയുടെ ജീവിതവും . ഇരിട്ടിക്കടുത്തുള്ള മാടത്തില്‍ എന്ന കുഞ്ഞു ഗ്രാമത്തില്‍ നിന്നുയര്‍ന്ന് യുപിഎസ്‌സി നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐഎസ്എസ്) പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എന്ന അത്യപൂര്‍വ നേട്ടം കൈപ്പിടിയിലൊതുക്കിയ ചേക്കാതടത്തില്‍ ഡോണ ഫ്രാന്‍സിസ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അഭിമാനമായി മാറിയിരിക്കയാണ് . സാധാരണക്കാര്‍ മുതല്‍ വിഐപികള്‍ വരെ അഭിനന്ദനപ്രവാഹവുമായി എത്തുമ്പോഴും തനി നാട്ടിന്‍പുറത്തുകാരിയായി എളിമ കൈവിടാതെ ഡോണ എല്ലാവരെയും ഒരുപോലെ കാണുന്നു.
സിവിൽ സർവീസിനൊപ്പമോ ഉപരിയായോ കാണാവുന്ന ഐഎസ്എസ് പ്രവേശന പരീക്ഷയ്ക്ക് ആദ്യശ്രമത്തിൽ തന്നെ ഒന്നാം റാങ്ക് ലഭിച്ചപ്പോൾ എന്തു തോന്നിയെന്ന് ചോദിച്ചപ്പോൾ മാത്രം ശക്തവും അർഥവത്തുമായ മറുപടി കിട്ടി. ‘വളരെയേറെ സന്തോഷം തോന്നി. അതോടൊപ്പം ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരൻ പൗലൊ കൊയ്‌ലോയുടെ പ്രസിദ്ധമായ ക്വോട്ടിങ്സ് അന്വർഥമായതായും തോന്നി.’ പ്രസിദ്ധ ബ്രസീലിയൻ കവിയും എഴുത്തുകാരനുമായ പൗലൊ കൊയ്‌ലോയുടെ ലോകശ്രദ്ധയാകർഷിച്ച ദി ആൽകെമിസ്റ്റ് എന്ന നോവലിൽ ഈ ഇരുപത്തഞ്ചുകാരിയെ സ്വാധീനിച്ച വാക്കുകൾ താഴെ പറയുന്നതാണ്.And, when you want something,all the universe conspires in helping you to achieve it.’’(നമ്മൾ എന്തെങ്കിലും തീവ്രമായിട്ട് ആഗ്രഹിക്കുകയാണെങ്കിൽ ഈ പ്രപഞ്ചം മുഴുവൻ അത് നേടിയെടുക്കാനായി സഹായത്തിനുണ്ടാകും.)
ലോകമെങ്ങും ഉള്ളവർക്കു മാതൃകയാക്കാവുന്ന ഈ വാക്കുകൾക്കു പിന്നിലെ അർഥവും ഡോണ പിന്നിട്ട ജീവിതവഴികളും ചേർത്തുവയ്ക്കുമ്പോഴാണ് ഈ കുട്ടിയുടെ അറിവും നൻമയും നിശ്ചയദാർഡ്യവും കഠിനപ്രയത്‌നവും വിധിയുടെ ക്രൂരതയെ മറികടന്ന അതിജീവനത്തിന്റെ കഥയും വ്യക്തമാകുക. ഉയരങ്ങളെ എത്തിപ്പിടിക്കാനായുള്ള ഓട്ടത്തിനിടയിൽ പിന്നോട്ടുവലിക്കാനും ഏറെ ഘടകങ്ങളുണ്ടായിരുന്നു. സാധാരണ കുടുംബ പശ്ചാത്തലമെന്ന നിലയിൽ സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു പ്രധാനം. മക്കളുടെ പഠന താൽപ്പര്യത്തിനനുസരിച്ച് പൂർണ പിന്തുണയുമായി നിലകൊണ്ട മാതാപിതാക്കൾ അതിനായി അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങളും ക്ലേശങ്ങളും ഡോണയും ഇപ്പോൾ എംബിഎ പൂർത്തിയാക്കിയിട്ടുള്ള ഇളയ സഹോദരി ഐറിൻ ട്രീസ ഫ്രാൻസിസും അറിയുന്നുണ്ടായിരുന്നു. പലപ്പോഴും പ്രതിസന്ധികൾ പഠന ലക്ഷ്യത്തിനു തന്നെ ഭീക്ഷണിയാകുന്ന വിധത്തിൽ രൂക്ഷമായി. പിതാവ് ബാബുവിന്റെ ഉടമസ്ഥതയിൽ വള്ളിത്തോടുണ്ടായിരുന്ന ഗുഡ്‌ലക്ക് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ നിന്നുള്ളതായിരുന്നു ഏക വരുമാനം.
ആധുനികവൽക്കരണത്തിൽ പിടിച്ചു നിൽക്കാനാവാതെ വന്നതോടെ ഈ സ്ഥാപനം നിർത്തേണ്ടി വന്നു. തുടർന്ന് ഇരിട്ടി പയഞ്ചേരിമുക്കിലെ തവക്കൽ കോംപ്ലക്സിൽ ഗുഡ്‌ലക്ക് കാർ അക്സസറീസ് എന്ന സ്ഥാപനം തുടങ്ങി. ചെലവുകൾ വർധിച്ചതോടെ കൂടുതൽ വരുമാനം ഉറപ്പാക്കാനായി കൂർഗിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ ജോലി തുടങ്ങി 15–ാം ദിവസം കഴിഞ്ഞ ഫെബ്രുവരി 14ന് വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ ദുരന്തത്തിൽ ഡോണയെയും സഹോദരി ഐറിനെയും അമ്മ ജസീന്തയെയും തീരാവേദനയിലാക്കി ബാബു മരണപ്പെട്ടു.
ഡോണ ഐഎസ്എസിന്റെ ഏറ്റവും പ്രധാന പരിശീലന ഘട്ടത്തിലുള്ളപ്പോഴാണ് ഈ ദുരന്തം. എട്ടര സെന്റ് സ്ഥലവും പണി തീരാത്ത വീടുമായി ജീവിതത്തിന്റെ തീച്ചൂളയിൽ പകച്ചു നിന്നു ആ കുടുംബം. ആദ്യത്തെ മരവിപ്പിനൊടുവിൽ അമ്മയും ബന്ധുക്കളും പകർന്നു നൽകിയ കരുത്തുമായി മക്കൾ വീണ്ടും പഠനത്തിലേക്കു തിരിഞ്ഞു. അമ്മയാവട്ടെ ഇരിട്ടിയിലെ കാർ അക്സസറീസ് കടയുടെ ചുമതലയേറ്റെടുത്ത് കുടുംബഭാരം ചുമലിലേറ്റി. ഡോണയെ സംബന്ധിച്ച് പഠിച്ചു മിടുക്കിയായി അമ്മയ്ക്ക് താങ്ങാകേണ്ടതിനൊപ്പം ഐഎസ്എസ് പ്രവേശന പരീക്ഷയ്ക്ക് ചേർക്കാനായി തിരുവനന്തപുരത്ത് കൊണ്ടുവിട്ടപ്പോൾ പിതാവ് പതിവില്ലാതെ പറഞ്ഞ വാക്കും പാലിക്കേണ്ടതുണ്ടായിരുന്നു. നീ ഇക്കുറി റാങ്കും വാങ്ങി വരണമെന്നായിരുന്നു ആ ആവശ്യം. ഒന്നാം റാങ്ക് തന്നെ വാങ്ങി ആ വാക്കുകൾ അന്വർഥമാക്കിയപ്പോൾ കാണാനും അഭിനന്ദിക്കാനും പ്രിയപ്പെട്ട പിതാവ് ഒപ്പമില്ലെന്ന ദുഃഖം ഉള്ളിലൊതുക്കുകയാണ് ഡോണ എന്ന ഈ കൊച്ചു മിടുക്കി.