അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമതു പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ചടങ്ങുകള്‍ക്കായ് ട്രംപിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ട്രംപിന്റെ മുഖ്യഎതിരാളിയായി മല്‍സരിച്ച ഹിലറി ക്ലിന്റനും ചടങ്ങിന് എത്തി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷം ഹിലറി ക്ലിന്റനുമായി ട്രംപ് മുഖാമുഖം വരുന്ന ആദ്യചടങ്ങാണിത്.
അമേരിക്കന്‍ സപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. ആദ്യം വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ആണ് സത്യപ്രതിജ്ഞ ചെയ്തത്. ഞങ്ങള്‍ അധികാരം വാഷിങ്ടണ്‍ ഡിസിയില്‍ നിന്ന് മാറ്റുകയാണ്… അത് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുടേയും ലോകത്തിന്റേയും ഭാവി നാം ഒരുമിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധികളെ മറികടന്ന് അമേരിക്കയെ ശക്തമായ രാഷ്ട്രം ആക്കി മാറ്റുകയാണ് തന്റെ ലക്ഷ്യം എന്നും ട്രംപ് പറഞ്ഞു. ഇസ്ലാം തീവ്രവാദത്തെ ലോകത്ത് നിന്ന് തുടച്ച് നീക്കും എന്ന നിര്‍ണായകമായ പ്രഖ്യാപനവും ട്രംപ് തന്റെ മറുപടി പ്രസംഗത്തില്‍ നടത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനായ ട്രംപ് അധികാരമേറ്റതു നാലു ദശകത്തിനിടെ പ്രസിഡന്റുമാര്‍ക്കു ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%). 2009ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഒബാമയുടെ ജനപ്രീതി 84ശതമാനമായിരുന്നു. 2016 നവംബര്‍ എട്ടിനാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. രണ്ടു മാസത്തിനുശേഷമാണു നിയുക്ത പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റത്.