അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് വന്ന അനവധി തമാശകളിലൊന്ന് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മാറാനിടയില്ല എന്നതാണ്. വൈറ്റ് ഹൗസിനെക്കാള്‍ പതിന്മടങ്ങ് ആഡംബരം നിറഞ്ഞ കൊട്ടാരം ട്രംപിന് സ്വന്തമായുണ്ടെന്നും വൈറ്റ് ഹൗസില്‍പോകുന്നത് അദ്ദേഹത്തിന് നഷ്ടമാണെന്നുമായിരുന്നു തമാശകള്‍. അതിനെ ന്യായീകരിക്കുന്നതാണ് ട്രംപിന്റെ ട്രംപ് ടവറിന്റെ 66-ാം നിലയിലുള്ള പെന്റൗസ്.
മൂന്നുനിലകളിലായി നിറഞ്ഞുനില്‍ക്കുന്ന ഈ വീട് ആഡംബരത്തിന്റെ അവസാന വാക്കുകളിലൊന്നാണ്. മാര്‍ബിള്‍ പാകിയ, സ്വര്‍ണവും വജ്രവും പതിച്ച അലങ്കാര വസ്തുക്കളാല്‍ നിറഞ്ഞ പെന്റൗസില്‍ അതിപുരാതനമായ ഗ്രീക്ക് ശില്‍പങ്ങളുമേറെയുണ്ട്. വെഴ്സാലിസ് കൊട്ടാരത്തിന്റെ മാതൃകയിലാണ് ഈ അപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയിട്ടുള്ളത്. 1983-ല്‍ പൂര്‍ത്തിയാക്കിയ ട്രംപ് ടവറിന് ഇന്ന് 10 കോടി ഡോളറിലേറെയാണ് വിലമതിക്കുന്നത്
പത്തുവയസ്സുള്ള മകന്‍ ബാരണിനും മുന്‍ മോഡല്‍കൂടിയായ ഭാര്യ മെലാനിയക്കുമൊപ്പമാണ് ട്രംപ് ഇവിടെ താമസിക്കുന്നത്. ബാരണിന് കളിക്കാന്‍ മെഴ്സിഡസിന്റെ ചെറിയ മോഡല്‍ വീട്ടിലുണ്ട്. അലങ്കാര വസ്തുക്കള്‍ക്ക് പുറമെ, ട്രംപിന്റെ അച്ഛന്‍ ഫെഡിന്റെ ചിത്രവും സ്വീകരണ മുറിയിലുണ്ട്.
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ഒപ്പിട്ട ‘ഗോട്ട്: എ ട്രിബ്യൂട്ട് ടു മുഹമ്മദ് അലി’ എന്ന പുസ്തകത്തിന്റെ കോപ്പിയും സ്വീകരണ മുറിയെ അലങ്കരിക്കുന്നു. മുഹമ്മദ് അലിയും ജെഫ് കൂണ്‍സും ഒപ്പുവച്ച ഈ പുസ്തകങ്ങള്‍ 1000 എണ്ണം മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. 15,000 ഡോളറാണ് ഈ പുസ്തകത്തിന്റെ മൂല്യം കണക്കാക്കുന്നത്.