അമേരിക്ക-ഉത്തരകൊറിയ യുദ്ധത്തിന് സാധ്യതയെന്ന് ട്രംപ്; വിഷയം സമാധാനപരമായി അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും യുഎസ് പ്രസിഡന്റ്

വാഷിങ്ടന്‍: ഉത്തരകൊറിയയുമായി വലിയ ഒരു യുദ്ധത്തിന് സാഹചര്യമുണ്ടെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഉത്തര കൊറിയ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിലേക്കു വഴുതിവീണേക്കുമെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കുള്ള പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം വരുന്നത്. വിഷയം സമാധാനപരമായി അവസാനിപ്പിക്കണമെന്നാണു താന്‍ ആഗ്രഹിക്കുന്നത്. നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നു താല്‍പര്യപ്പെടുന്നുണ്ടെങ്കിലും അതത്ര എളുപ്പമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. അധികാരമേറ്റു 100 ദിനം പിന്നിടുന്ന ട്രംപ്, രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണു നിലപാടു വ്യക്തമാക്കിയത്.

ഉത്തര കൊറിയയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുന്‍കൈയ്യെടുത്ത ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനെയും ട്രംപ് പ്രശംസിച്ചു. അദ്ദേഹം വളരെയധികം പരിശ്രമിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. കലാപമോ മരണമോ കാണാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ല. ഷീ ചിന്‍പിങ് നല്ല മനുഷ്യനാണെന്നും തനിക്ക് അദ്ദേഹത്തെ വളരെ നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞു. അദ്ദേഹത്തിനു ചൈനയും അവിടുത്തെ ജനത്തെയും വളരെ ഇഷ്ടമാണ് അവരെ രക്ഷിക്കാനായി അദ്ദേഹമെന്തും ചെയ്യും. അല്ലെങ്കില്‍ അതിനു സാധിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏകാധിപതി കിം ജോങ് ഉന്‍ യുക്തിരഹിതമായി ചിന്തിക്കുന്നയാളാണോയെന്ന ചോദ്യത്തിന്, തന്റെ ധാരണ അങ്ങനെയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഉന്നിന് 27 വയസ്സുമാത്രമാണു പ്രായം. പിതാവിന്റെ മരണത്തെ തുടര്‍ന്നാണു അധികാരത്തിലെത്തിയത്. ആ പ്രായത്തില്‍ ഭരണം നടപ്പാക്കുന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഉന്നിന് ഇക്കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നു പറയുക മാത്രമാണു താന്‍ ചെയ്യുന്നത്. അദ്ദേഹം വിവേകിയാണോ അല്ലയോ എന്നതില്‍ എനിക്കു പ്രത്യേകിച്ചു അഭിപ്രായമൊന്നുമില്ല. അദ്ദേഹം വിവേകിയാണെന്ന പ്രതീക്ഷയാണുള്ളതെന്നും ട്രംപ് പറഞ്ഞു.

ചൈനയുമായി വളരെ നല്ല ബന്ധമുണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരമൊരു പരീക്ഷണഘട്ടത്തില്‍ എല്ലാ സഹായങ്ങളും നല്‍കുന്നതിനു ഷീ ചിന്‍പിങ് ശ്രമിക്കുന്നുണ്ട്. അതിനു ഭംഗം വരുത്തുന്ന തരത്തിലൊന്നും ചെയ്യാന്‍ നിലവില്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തായ്‌വാനുമായുള്ള ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ട്രംപ് വ്യക്തമാക്കി.

ഉത്തര കൊറിയ ആറാം ആണവായുധ പരീക്ഷണം നടത്തുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് നിലപാടു വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ അണ്വായുധശേഖരത്തിലെ പ്രബലനായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ കഴിഞ്ഞ ദിവസം യുഎസ് പോര്‍മുനയില്ലാതെ പരീക്ഷിക്കുകയും ചെയ്തിരുന്നു. മിനിറ്റ്മാന്‍ 3 ബാലിസ്റ്റിക് മിസൈലാണു കലിഫോര്‍ണിയ തീരത്തുനിന്നു പരീക്ഷിച്ചത്.

Top