വിമാനത്താവളത്തിലെ തറയില്‍ കിടന്നുറങ്ങുന്ന ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ചിത്രമാണ് വൈറലായിരിക്കുന്നത്. ഐ.പി.എല്ലിലെ മത്സരസമയമാണ് വില്ലനായത. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് തുടങ്ങുന്ന മത്സരം അവസാനിക്കുമ്പോഴേക്കും അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ടാകും. പിന്നീട് ടീം ബസ്സില്‍ ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലെത്തുമ്പോഴേക്കും പുലര്‍ച്ചെയാകും. ഇങ്ങനെ മോര്‍ണിങ് ഫ്ളൈറ്റിന് കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണിയുടേയും ഭാര്യ സാക്ഷി ധോനിയുടേയും ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തറയില്‍ ബാഗ് തലയിണയാക്കി ധോണിയും സാക്ഷിയും ഉറങ്ങുന്നതാണ് ഈ ചിത്രത്തിലുള്ളത്. ചെപ്പോക്കില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷം വിമാനത്താവളത്തിലെത്തിയതായിരുന്നു ധോണിയും ടീമും. ഈ ചിത്രം ധോണി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. ‘ഐ.പി.എല്ലിലെ മത്സരക്രമവുമായി പൊരുത്തപ്പെട്ടു പോകുകയും നിങ്ങളുടെ വിമാനം രാവിലെ ആകുകയും ചെയ്താല്‍ സംഭവിക്കുന്നത് ഇതായിരിക്കും’ എന്ന കുറിപ്പോടെയാണ് ധോണി ചിത്രം പങ്കുവെച്ചത്.
അതേസമയം ഇത്രയും പ്രശസ്തനായ ക്രിക്കറ്റ് താരമായിട്ടും ധോണി സാധാരണക്കാരനാണ് എന്നതിന്റെ തെളിവാണ് ഈ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്. ലോക കോടീശ്വരില്‍ ഒരാള്‍ കൂടിയായ ധോണിക്ക് എന്ത് സൗകര്യം വേണമെങ്കിലും ആവശ്യപ്പെടാമായിരുന്നു എന്നും എന്നാല്‍ അദ്ദേഹമത് ചെയ്യാന്‍ തയാറായില്ലല്ലോ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.