ലക്‌നൗ: ഉത്തരക്കടലാസില്‍ ജയിപ്പിക്കണമെന്ന തരത്തില്‍ കുട്ടികളെഴുതുന്ന അഭ്യര്‍ഥനകള്‍ക്ക് പരീക്ഷയോളം പഴക്കമുണ്ട്. അതിന് ഉത്തര്‍ പ്രദേശെന്നോ കേരളമെന്നോ ഭേദമില്ലേ. എന്നാല്‍ ഉത്തര്‍ പ്രദേശിലെ ഒരു വിദ്യാര്‍ഥിനി പരീക്ഷാക്കടലാസില്‍ എഴുതിയ അഭ്യര്‍ഥനാ സന്ദേശം എല്ലാറ്റില്‍ നിന്നും വ്യത്യസ്തമാണ്. താമസിയാതെ വിവാഹിതയാവാന്‍ പോവുന്ന തന്നെ ജയിപ്പിച്ചില്ലെങ്കില്‍ വീട്ടുകാരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് പെണ്‍കുട്ടി എഴുതിയ സന്ദേശത്തിന്റെ പൊരുള്‍.
‘സര്‍ ഞാന്‍ ഒരു പെണ്‍കുട്ടിയാണ് . ജൂണ്‍ 28നാണ് എന്റെ വിവാഹം. എന്നെ ജയിപ്പിച്ചില്ലെങ്കില്‍ എന്റെ വീട്ടുകാര്‍ എന്നോട് ദേഷ്യപ്പെടു’മെന്നാണ് വിദ്യാര്‍ഥി പരീക്ഷാക്കടലാസ്സില്‍ കുത്തിക്കുറിച്ചിട്ടത്.
ഉത്തരക്കടലാസിന്റെ മാര്‍ജിനിലാണ് പെണ്‍കുട്ടി അപേക്ഷ എഴുതിയിരിക്കുന്നത്. ഇതാദ്യമല്ല ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഉത്തരക്കടലാസിനൊപ്പം ചിലപ്പോള്‍ പണവും ലഭിക്കാറുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്.