ജോസഫ് പുലിക്കുന്നേല്‍ ഡിസംബര്‍ 2011 ലക്കം ‘ഓശാന’യില്‍ പ്രസിദ്ധീകരിച്ചത് .
പുരോഹിതരെ വിമര്‍ശിക്കരുത് എന്ന് പുരോഹിത പാഠം സഭയെ കൂടുതല്‍ കൂടുതല്‍ അധര്‍മത്തിലേക്കു നയിക്കുകയായിരുന്നു. കുതിര തനിക്ക് കടിഞ്ഞാണ്‍ ആവശ്യമില്ലെന്ന് പറയുന്നതിന്റെ ലക്ഷ്യം അതിന്റെ ദുസ്വാതന്ത്ര്യത്തെ നിലനിര്‍ത്താനാണ്. അതുപോലെതന്നെ പുരോഹിത വിമര്‍ശനം പാടില്ലാ എന്ന പ്രഖ്യാപനം പുരോഹിതരുടെ ദുസ്വാതന്ത്ര്യത്തെ നിലനിര്‍ത്തുന്നതിനാണ്. പക്ഷേ കടിഞ്ഞാണില്ലാത്ത പുരോഹിത ദുസ്വാതന്ത്ര്യം സഭയെ അപകടത്തിലേക്കു നയിച്ചു. യൂറോപ്പില്‍ സംഭവിച്ചത് അതാണ്. പുരോഹിതരെ വിമര്‍ശിക്കുമ്പോള്‍ അത് ദൈവദൂഷണമാണെന്നുവരെ പ്രസംഗിക്കുന്ന ധ്യാനപ്രാസംഗികരുണ്ട്. കണ്ണാടി കാണാന്‍ മടിക്കുന്ന ഇക്കൂട്ടരുടെ മുഖം വികൃതമാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ലെങ്കിലും മറ്റുള്ളവര്‍ മനസ്സിലാക്കുന്നു. തങ്ങളുടെ തിന്മയെ തമസ്‌കരിക്കുന്നതിനുവേണ്ടി പുരോഹിതരെ വിമര്‍ശിക്കരുത് എന്നു പറയുമ്പോള്‍ യഥാര്‍ത്ഥ അപകടം സഭയ്ക്കാണ്. സഭയെ നയിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ വിമര്‍ശനാതീതരാണെന്നു വാദിക്കാം. പക്ഷേ സമൂഹത്തിന് ഈ അഭിഷിക്തരെ ഉള്‍ക്കൊള്ളാനാകില്ല. പാല്‍പ്പായസം കോളാമ്പിയില്‍ വിളമ്പിയാല്‍ ആരും ഭക്ഷിക്കുകയില്ല.
ഇന്ന് യേശുവിന്റെ പഠനങ്ങള്‍ ഈ അഭിഷിക്തരാണ് വിളമ്പുന്നത്. പക്ഷേ ഈ അഭിഷിക്തരാകട്ടെ ജനസമ്മതി തീരെ ഇല്ലാത്തവരുമാണ്. യോഹന്നാന്‍ പറഞ്ഞതുപോലെ വൃക്ഷങ്ങളുടെ തായ്‌വേരില്‍ ഇപ്പോള്‍തന്നെ കോടാലി വച്ചു കഴിഞ്ഞു. അതുകൊണ്ട്, നല്ല ഫലം കായ്ക്കാത്ത ഓരോ വൃക്ഷവും വെട്ടി തീയില്‍ എറിയും. അഭിഷിക്തരെ വിമര്‍ശിക്കരുത് എന്ന പുരോഹിത പാഠത്തിന് സുവിശേഷത്തില്‍ സാധൂകരണമില്ല. പ്രവാചകര്‍ പൗരോഹിത്യത്തെ വിമര്‍ശിച്ചു. ക്രിസ്തു പുരോഹിതരെ കഠിനമായി വിമര്‍ശിച്ചു. ഇതു നമുക്കു മാതൃകയാണ്;
“ഇതായിരിക്കട്ടെ വിശ്വാസികളുടെ കടമ. നന്മയുടെ ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെ വെട്ടി നിരത്തുക.”
പുരോഹിത അതിക്രമങ്ങള്‍ക്കു മറയിടാന്‍ പുരോഹിതര്‍ തന്ത്രപൂര്‍വം ഇറക്കുന്ന ”മറ്റൊരു നമ്പരാ”ണ് നന്മ ചെയ്തു കടന്നുപോയവരെ ഉയര്‍ത്തിപ്പിടിച്ച് തിന്മകളെ തമസ്‌കരിക്കുക. പുരോഹിതരെ വിമര്‍ശിക്കുമ്പോള്‍ സഭയെയല്ല വിമര്‍ശിക്കുന്നത്. ക്രിസ്തുവിന്റെ പഠനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യ സേവനത്തിന് ഇറങ്ങിത്തിരിച്ച അനേകം പുണ്യപുരുഷന്മാര്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അവരുടെ നന്മപ്രവര്‍ത്തികള്‍ എല്ലാപേരും അംഗീകരിക്കുന്നു. അതിന്റെ പേരില്‍ തിന്മകള്‍ ചെയ്യുന്ന പുരോഹിതര്‍ രക്ഷെപടാന്‍ അനുവദിച്ചാല്‍ ആ തിന്മകളുടെ ദുരന്തഫലം അനുഭവിക്കുന്ന സമൂഹം ക്രിസ്തുവിനെത്തന്നെ നിരാകരിക്കും. യൂറോപ്പില്‍ സംഭവിച്ചത് ഇതാണ്. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്.
ബഹു. ഫാ. അടപ്പൂര്‍ 2011 സെപ്തംബര്‍ 15-ാം തീയതിലെ മംഗളം ദിനപത്രത്തില്‍ എഴുതിയ ”കാണാതെ പോകുന്ന സത്യങ്ങള്‍’ എന്ന ലേഖന ത്തിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ. ”ഫ്രാന്‍സിസ് സേവ്യറും ജോണ്‍ ബ്രിട്ടോയും മുതല്‍ കുഷ്ഠരോഗികളുടെയിടയില്‍ ജീവിച്ച് കുഷ്ഠരോഗം പിടിപെട്ടു മരിച്ച ഫാ. ഡാമിയനും ജീവിത വിശുദ്ധിയുടെ നിസ്തുലമായ മാതൃകയായി ലോകജനത പ്രകീര്‍ത്തിക്കുന്ന മദര്‍ തെരേസയും ഉള്‍പ്പെടുന്ന ബഹുശതം കത്തോലിക്കാ മിഷണറിമാരെയാണ് ടാറ്റ-ബിര്‍ളമാരുടേതുപോലുള്ള ലാഭക്കൊതിക്ക് അടിപ്പെട്ടവരായി ചിത്രീകരിക്കുന്നത്.”
ബഹു. അടപ്പൂരച്ചന്‍ പുണ്യപുരുഷന്മാരെന്നു ചിത്രീകരിക്കുന്ന മുന്‍ പറഞ്ഞവരെല്ലാം ”വെളുത്ത തൊലി”യുള്ളവരാണ്. കേരളത്തില്‍ നമ്മുടെ അനുദിന ജീവിതത്തില്‍ എത്രയോ പുരോഹിതന്മാരും കന്യാസ്ത്രീയമ്മമാരും മനുഷ്യമനസ്സില്‍ മാതൃകയുടെ മുദ്ര പതിപ്പിച്ചു കടന്നുപോയി. ഞാനൊരു പുരോഹിത വിദ്വേഷിയാണ് എന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നാല്‍ നന്മയുടെ പ്രതീകങ്ങളായ എത്രയോ പുരോഹിതരെ ഞാന്‍ എന്റെ മനസ്സില്‍ ദീപ്തസ്തംഭമായി ഇന്നും കണക്കാക്കുന്നു. സഭയിലെ പണാര്‍ത്തിയെ വിമര്‍ശിക്കുമ്പോള്‍, അനീതിയെ വിമര്‍ശിക്കുമ്പോള്‍ ഈ പുണ്യപുരുഷന്മാരെ ശിഖണ്ഡികളായി അക്രമതേരിന്റെ മുമ്പില്‍ നിര്‍ത്തരുതേ എന്നാണ് ഈ വികല പുരോഹിതരോട് എന്റെ അപേക്ഷ. ഇവിടെ ഒരു കാര്യംകൂടി ഞാന്‍ ഓര്‍മ്മിക്കട്ടെ. ഫാ. അടപ്പൂര്‍ കൈചൂണ്ടുന്ന ഈ പുണ്യപുരുഷന്മാര്‍ ഓരോരുത്തരും സഭാധികാരത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായവരുംകൂടിയാണ്. ഫ്രാന്‍സീസ് സേവ്യര്‍ ഇന്ത്യയില്‍നിന്നും പോകാനുള്ള കാരണം സഭാധികാരം അദ്ദേഹത്തെ പീഢിപ്പിച്ചതായിരുന്നു എന്ന് ഫാ. അടപ്പൂരിന് അറിയാത്തതല്ല. ഈശോ സഭക്കാരനായ ഫാ. ബ്രിട്ടോയെ മതവിചാരണക്കു വിധേയനാക്കി ഗോവായില്‍ തടവില്‍ പാര്‍പ്പിച്ചു. ഫാ. ഡാമിയന്‍ ജീവിതാന്ത്യകാലത്ത് സഭാധികാരത്തിന് അനഭിമതനായിരുന്നു എന്നത് പ്രസിദ്ധമാണ്. മദര്‍ തെരേസ യഥാര്‍ത്ഥത്തില്‍ ”മഠംചാടി”യാണ് തന്റെ സേവന പാത വെട്ടിതുറന്നത്. ഫ്രാന്‍സീസ് അസ്സീസിയോട് ഇന്നസെന്റ്മാര്‍പാപ്പാ പന്നിക്കൂട്ടില്‍ പോയി സുവിശേഷം പ്രസംഗിക്കാന്‍ ശാസിച്ച ചരിത്രമുണ്ട്.
പുണ്യാവാനാായി ഇന്നു പ്രഘോഷിക്കപ്പെടുന്ന കുരിശിന്റെ യോഹന്നാനെ കിണറ്റില്‍ മഞ്ഞുകട്ടയുടെ മുകളില്‍ മുട്ടില്‍നിര്‍ത്തി ശിക്ഷിച്ച സഭാധികാരത്തിന്റെ ചരിത്രം ഇന്ന് ഏവര്‍ക്കുമറിയാം.
അതുകൊണ്ട് പുണ്യപുരുഷന്മാരുടെ മാതൃകകള്‍ ചൂണ്ടിക്കാണിച്ച് നന്മയെ തമസ്‌കരിക്കരുതേ എന്നാണ് എന്റെ അപേക്ഷ. നീതി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള സഭാധികാരികള്‍ എന്നുമുണ്ടായിരുന്നു. പക്ഷേ ഇന്ന് അനീതിയെ നീതീകരിക്കുന്നതിന് ദൈവശാസ്ത്രജ്ഞന്മാരുണ്ട്. നീതിയുടെ തുലാസ് ഉയര്‍ത്തിപ്പിടിച്ച അനേകം പുരോഹിതരെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. രണ്ടു ഉദാഹരണങ്ങള്‍ ഇവിടെ കുറിക്കട്ടെ . താമരശ്ശേരി രൂപതയില്‍ പെട്ട ഒരു പ്രൈമറിസ്‌കൂളില്‍ അധ്യാപക നിയമനത്തിന് പതിനായിരം രൂപയ്ക്ക് വികാരിയച്ചന്‍ ഒരു ടീച്ചറിന് ജോലി ഉറപ്പിച്ചു. ദരിദ്രമായ ഒരു കുടുംബം. പക്ഷേ ഈ ജോലിക്ക് പതിനയ്യായിരം രൂപ കൊടുക്കാന്‍ മറ്റൊരാള്‍ തയ്യാറായപ്പോള്‍ ആദ്യ വാഗ്ദാനം മറന്ന് പുതിയ ആളെ നിയമിക്കാന്‍ വികാരിയച്ചന്‍ തീരുമാനിച്ചു. നീതിക്കുവേണ്ടി പലവട്ടം വികാരിയച്ചനെ സമീപിച്ചു. പക്ഷേ അദ്ദേഹം മുഖം തിരിച്ചു.
ഈ ടീച്ചറിന്റെ പിതാവ് എനിക്ക് ഒരു എഴുത്തയച്ചു. ഞാന്‍ അദ്ദേഹത്തെ അറിയുകയില്ല. കൃത്യമായ സംഭവവിവരണം. ഞാന്‍ ഈ കത്തിന്റെ ഒരു കോപ്പി എടുത്ത് അന്ന് താമരശ്ശേരി രൂപതയുടെ മെത്രാനായിരുന്ന മാര്‍ മാങ്കുഴിക്കരിക്ക് അയച്ചു. ഞങ്ങളുതമ്മില്‍ പ്രത്യേകമായ അടുപ്പം ഒന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, മാര്‍ മാങ്കുഴിക്കരിയെ എറണാകുളം രൂപതയുടെ ”നിത്യസഹായമെത്രാന്‍” എന്ന് കളിയാക്കി എഴുതിയിട്ടുമുണ്ട്. രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ എനിക്ക് രക്ഷകര്‍ത്താവിന്റെ എഴുത്ത് വന്നു. ബിഷപ്പ് രക്ഷകര്‍ത്താവിനെയും മകളെയും അച്ചനെയും വിളിപ്പിച്ചു. ജോലി വാഗ്ദാനം ചെയ്തിരുന്ന സത്യം അച്ചന്‍ സമ്മതിച്ചു. ഒരു പൈസയും വാങ്ങാതെ സ്‌കൂളില്‍ ജോലി നല്കാന്‍ മെത്രാന്‍ വികാരിയോടു പറഞ്ഞു. നീതി നടത്തപ്പെട്ടു.
സത്യത്തില്‍ ഞാന്‍ ചെയ്തത് തെറ്റാണോ? അനീതിയില്‍ ജോലി നിഷേധിച്ച പുരോഹിതനെതിരെയുള്ള വിമര്‍ശനമാണ് ഞാന്‍ മാര്‍ മാങ്കുഴിക്കരിയുടെ മുന്നില്‍ അവതരിപ്പിച്ചത്. മാര്‍ മാങ്കുഴിക്കരി നീതിയുടെ തുലാസ് മനസ്സിലുയര്‍ത്തി നീതി ചെയ്തു.
1977-ല്‍ നടന്ന ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. തലശ്ശേരി രൂപത വക തളിപ്പറമ്പ് കോളേജില്‍ അധ്യാപികയായിരുന്ന ഒരാളെ യാതൊരു നീതീകരണവും ഇല്ലാതെ പിരിച്ചുവിട്ടു. അവര്‍ യൂണിവേഴ്‌സിറ്റി ട്രൈബ്യൂണലില്‍ അപ്പീല്‍ കൊടുത്തു. അവരെ തിരിച്ചെടുക്കാന്‍ വിധിച്ചു. പക്ഷേ ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ തലശ്ശേരി രൂപത അപ്പീല്‍ സമര്‍പ്പിച്ചു. ഈ ടീച്ചര്‍ എന്നെ സമീപിച്ചു. അവരെ ഞാന്‍ അറിയുമായിരുന്നില്ല. ഏതായാലും പ്രശ്‌നങ്ങളെല്ലാം പഠിച്ചതിനുശേഷം ഞാന്‍ ഒരു കത്ത് അന്നത്തെ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിക്ക് അയയ്ക്കുകയുണ്ടായി. മാത്രമല്ല, ഈ പിരിച്ചുവിടലിന്റെ അനീതിയെ സംബന്ധിച്ച് 1977 നവംബര്‍ മാസത്തിലെ ഓശാനയില്‍ ദീര്‍ഘമായ ഒരു ലേഖനവും എഴുതി. അതില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ”ഈ കേസ് നടത്തുന്നതിന് ആയിരക്കണക്കിന് രൂപ തലശ്ശേരി രൂപതയില്‍നിന്നും ചെലവഴിച്ചിട്ടുണ്ട്. ഇത് വള്ളോപ്പള്ളി മെത്രാന്റെ പിത്രാര്‍ജിത സ്വത്തൊന്നുമല്ല, കത്തോലിയ്ക്കന്‍ കൈവെള്ള പൊട്ടിച്ചുണ്ടാക്കുന്ന പണമാണ് വക്കീലന്മാര്‍ക്ക് വാരിക്കോരികൊടുത്ത് കേസ്സ് നടത്തുന്നത്. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങളെത്തന്നെ ധ്വംസിക്കുന്ന, ക്രൈസ്തവ നീതി തൊട്ടു തീണ്ടിയിട്ടില്ലാത്ത അധികാരവൃന്ദം ഇന്ന് സമൂദായത്തിന്റെ ധര്‍മബോധത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ്.” മാര്‍ വള്ളോപ്പളളി പിരിച്ചുവിടപ്പെട്ട അധ്യാപികയെയും രക്ഷകര്‍ത്താവിനെയും വിളിപ്പിച്ചു. കാര്യങ്ങള്‍ കേട്ടു. പിരിച്ചുവിടല്‍ അനീതിയാണെന്നു മനസ്സിലാക്കി അവരെ തിരിച്ചെടുത്തു. നീതിയുടെ തുലാസ് ഹൃദയത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഇത്തരം നന്മയുടെ വിശാലമായ തുരുത്തുകള്‍ നമ്മുടെ സഭയിലുണ്ടായി രുന്നു. ഇന്ന് ഈ തുരുത്തുകളോരോന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. കടുത്ത ദുഃഖത്തോടെ ഇക്കാര്യം പറയുമ്പോള്‍ പൂര്‍വകാല നന്മയെ ചൂണ്ടിക്കാട്ടി ഇന്നത്തെ തിന്മകള്‍ക്ക് മൂടുപടമിടാന്‍ പരിശ്രമിക്കരുത്.
അനേകം പുണ്യപുരുഷന്മാരുടെ സന്‍മാതൃകകളായിരുന്നു കേരള സഭയുടെ മൂലധനം. അധികാരാഹങ്കാരികളും സമ്പത്തില്‍ കണ്ണുനട്ടവരും ഇന്ന് കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ കയ്യടക്കിക്കഴിഞ്ഞു. തങ്ങള്‍ വിമര്‍ശനാതീതരാണെന്നുള്ള അഹന്ത അവരെ ഇന്ന് നയിക്കുന്നു. സത്യപ്രസ്താവനകള്‍കൊണ്ടോ വിമര്‍ശനംകൊണ്ടോ ഇവരെ തിരുത്താനാകില്ല എന്ന ധാരണ സമൂഹത്തില്‍ പടര്‍ന്നിരിക്കുകയാണ്. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഈ നിസ്സഹായാവസ്ഥയിലാണ് വിശ്വാസികള്‍ യേശുവിനെ അന്വേഷിച്ച് മറ്റു സഭകളില്‍ അഭയം പ്രാപിക്കുന്നത്. അങ്ങനെ പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുെകാണ്ടിരിക്കുന്നു. പുരോഹിതാധികാരികളാകട്ടെ ”പോകുന്നവര്‍ പെയ്‌ക്കോട്ടെ” എന്ന മനോഭാവത്തില്‍ കഴിയുന്നു. കാരണം ആരു പോയാലും സഭ വക സ്വത്ത് തങ്ങളുടേതാണല്ലോ. പാലായിലെ കത്തോലിക്കരെല്ലാം സഭയില്‍ നിന്നു പോയാലും ഷോപ്പിംഗ് കോംപ്ലക്‌സുകളും കോളേജുകളും സ്‌കൂളുകളുമെല്ലാം തങ്ങള്‍ക്കു ഭരിക്കാന്‍ കഴിയും. അതുകൊണ്ട് ഒന്നും തിരുത്തേണ്ട ആവശ്യമില്ല എന്ന ചിന്ത ഇന്ന് പുരോഹിതരെ നയിക്കുന്നു. രണ്ടായിരം കൊല്ലക്കാലം വിശ്വാസത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച പൂര്‍വ തലമുറയെ ഓര്‍ത്തെങ്കിലും ധീരതയോടെ മുന്നോട്ടു വന്ന് വിമര്‍ശിച്ച് സഭയെ നേര്‍വഴിക്കു നടത്താന്‍ ദൈവവിശ്വാസമുള്ള പുരോഹിതരും അത്മായരും തയ്യാറാകേണ്ട സമയമായിരിക്കുന്നു.