സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിനല്‍ നിന്നും നിരന്തരം പീഡനം ഏറ്റുവാങ്ങേണ്ടിവന്ന യുവതി ജീവനൊടുക്കി.
എംബിഎ ബിരുദധാരിണിയായ ദീപന്‍ഷ ശര്‍മയാണ് ഈസ്റ്റ് ദില്ലിയിലെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മകളെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. എംകോമും എംബിഎയും കഴിഞ്ഞ യുവതി ബിഎഡിന് പഠിക്കുകയായിരുന്നു.
ഇവര്‍ക്ക് ഒന്നരവയസായ ഒരു പെണ്‍കുട്ടിയുണ്ട്. ബിഎഡിനുശേഷം സര്‍ക്കാര്‍ സ്ഥാപനത്തില്‍ അധ്യാപികയായി ജോലി ചെയ്യണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. എന്നാല്‍, പഠനത്തിനും ജോലിക്കും എതിരുനിന്ന ഭര്‍ത്താവിന്റെ പീഡനം കടുത്തതോടെ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.
2014 നവംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹിതയാകുമ്പോള്‍ ഗ്രേറ്റര്‍ നോയിഡയിലെ ഒരു കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.
എന്നാല്‍, വിവാഹശേഷം ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ജോലി രാജിവെക്കേണ്ടതായിവന്നു. ന്യൂസ് ചാനലില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരുന്ന ഭര്‍ത്താവ് സംശയരോഗിയായിരുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
ഭര്‍തൃവീട്ടുകാര്‍ പഠനത്തിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് താനാണ് ഇടയ്ക്കിടെ പണം നല്‍കിയതെന്നും പിതാവ് പറയുന്നു. അടുത്തിടെ ടെലിവിഷന്‍ വാങ്ങാന്‍ 12,000 രൂപയും നല്‍കി. എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇത്രയും തുകയില്‍ സംതൃപ്തരായിരുന്നില്ല.
സംഭവത്തില്‍ മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.