സിൽവർലൈൻ ഡി.പി.ആര്‍ പുറത്തുവിട്ടതിനെ വിമർശിച്ച് കെ റെയില്‍ എം ഡി അജിത് കുമാർ. ഡി.പി.ആര്‍ പുറത്ത് വിട്ടത് പദ്ധതിയെ ചിലപ്പോൾ ദോഷകരമായി തീരുമെന്നും അജിത് കുമാർ പറഞ്ഞു.
ഡി.പി.ആര്‍ പുറത്തുവിട്ടത് പദ്ധതിക്ക് ദോഷകരമാണ് എന്നും കേന്ദ്രത്തിന്റെ അന്തിമ അനുമതിയെ ഇത് ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ അനുമതി ലഭിക്കും വരെ ഡിപിആര്‍ രഹസ്യരേഖ ആയിരിക്കണമെന്നും അജിത് കുമാർ പറഞ്ഞു.
ഡി.പി.ആര്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു കെ റെയിലിന്റെ നിലപാട്. ഡി.പി.ആര്‍ എന്നത് കെ.റെയിലിന്റെ സാങ്കേതിക വാണിജ്യ രേഖയാണ്. പദ്ധതിയുടെ കേരള സര്‍ക്കാര്‍ അംഗീകരിച്ച അലൈന്‍മെന്റ് വെബ്സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും തുടങ്ങിയ വാദങ്ങളായിരുന്നു കെ.റെയില്‍ മുന്നോട്ട് വെച്ചിരുന്നത്.
6 വാല്യങ്ങളിലായി 3776 പേജുള്ള ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടാണ് സർക്കാർ പുറത്ത് വിട്ടത്. റിപ്പോർട്ടിൽ പൊളിച്ചുമാറ്റേണ്ട മുഴുവന്‍ കെട്ടിടങ്ങളുടെ കണക്കും ഉണ്ടായിരുന്നു. പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.
കെ റെയിൽ-എങ്ങനെയാണ് പ്രദേശത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിശദംശങ്ങളും ഡിപിആറിൽ വ്യക്തമാക്കിയിട്ടുണ്ട്.