കൊട്ടാരക്കരയില്‍ സ്വകാര്യ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് റോഡില്‍ വെയിലത്ത് കാത്തിരുന്നത്. തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ദുല്‍ഖര്‍ നിന്ന വേദിക്ക് ചുറ്റും ആരാധകര്‍ തമ്പടിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് ദുല്‍ഖറിന്റെ അടുത്തേക്ക് ഒരു ആരാധകന്‍ എത്തി. പെട്ടെന്ന് വേദിയിലേക്ക് ചാടികയറിയ ഇയാളെ കണ്ട് ദുല്‍ഖര്‍ ഞെട്ടി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് അയാളെ മാറ്റി. തുടര്‍ന്ന് ദുല്‍ഖറിനെ വേദിയില്‍ നിന്ന് മാള്‍ അധികൃതര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിനിര്‍ത്തി. ദുല്‍ഖറിനെ കാണാനെത്തിയവര്‍ക്കെതിരെ പൊലീസ് ലാത്തിവീശിയിരുന്നു. ബാരിക്കേഡുകള്‍ തകര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരയോടെ താരം മടങ്ങിയശേഷം റോഡില്‍ ആരാധകരുടെ ചെരുപ്പുകളുടെ കൂമ്പാരമായിരുന്നു. എം.സി. റോഡില്‍ മൂന്നു മണിക്കൂറിലേറെ ഗതാഗതം തടസപ്പെടുത്തിയതിനു മാള്‍ ഉടമയ്‌ക്കെതിരേ പൊലീസ് കേസെടുത്തു.
തിരക്കില്‍പ്പെടാതെ മാറിനിന്നു ദുല്‍ഖറിനെ കണ്ട തിരുവനന്തപുരം നേമം പ്രാവച്ചമ്പലം പറമ്പിക്കോണം മുട്ടമൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ ഹരിലാല്‍(46) കുഴഞ്ഞുവീണു മരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ദുല്‍ഖര്‍ എത്തുന്ന വിവരമറിഞ്ഞത്. കുഴഞ്ഞുവീണ ഹരിലാലിനെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശാന്തി. മക്കള്‍: ഹരീഷ്, ഹരിത.