
ബെയ്റൂത്ത്: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവയായി ജോസഫ് മോര്‍ ഗ്രിഗോറിയോസ് സ്ഥാനാരോഹണം ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടന്നു. ലെബനൻ താഴ്‌വരകളെ സാക്ഷിയാക്കി യാക്കോബായ സഭയ്ക്ക് പുതിയ ഇടയൻ ഡോ ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി. ബെയ്റൂത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം 9.50 ഓടെയാണ് സ്ഥാനാരോഹാണം നടന്നത്.
കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു. വാഴിക്കല്‍ ചടങ്ങിനായി പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും പാത്രിയര്‍ക്കീസ് ബാവ പ്രത്യേകം നന്ദി അറിയിച്ചു. ഇരു പ്രതിനിധി സംഘങ്ങളെയും പാത്രിയര്‍ക്കീസ് ബാവ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ വാഴിക്കൽ ചടങ്ങിൽ സഹകാര്‍മികരായി.യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ചടങ്ങിന്റെ ഭാഗമായി.
മലങ്കര കാത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങില്‍ സന്നിഹിതരായി. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള സംഘവും ചടങ്ങിൽ പങ്കെടുത്തു. സഭാ ഭാരവാഹികളും വിശ്വാസികളും ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാനൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. അതിനിടെ പുതിയ കാതോലിക്ക ബാവയ്ക്ക് സ്ഥാനപ്പേരായി. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ എന്നറിയപ്പെടും. ‘പ്രഥമന്‍ ‘എന്ന പ്രയോഗമുണ്ടാകില്ല.