ലഖ്നൗ: സഹോദരന് വെടിയേറ്റ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബിജെപി എംപിക്കെതിരെ ഡോ.കഫീല്‍ ഖാന്‍ രംഗത്ത്. തന്റെ സഹോദരന് നേരെ വെടിയുതിര്‍ത്ത അക്രമികളെ വാടകയ്ക്ക് എടുത്തത് ബിജെപി എംപിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഗൊരഖ്പൂറിലെ ബാബ രാഘവ് ദാസ് മെമ്മോറിയല്‍ ആശുപത്രിയില്‍ ജപ്പാന്‍ ജ്വരം ബാധിച്ച കുട്ടികള്‍ കൂട്ടമായി മരിച്ച സംഭവത്തിന് പിന്നാലെ സസ്‌പെന്‍ഷനിലായ ഡോക്ടറാണ് കഫീല്‍ ഖാന്‍. സ്വന്തം പണം മുടക്കി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച കഫീല്‍ ഖാനെ മാസങ്ങളോളം തടവിലിട്ടിരുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ കാഷിഫ് ജമീലിന് ഈ മാസം പത്തിന് വീട്ടിലേക്കുളള യാത്രക്കിടെയാണ് വെടിയേറ്റത്. കഫീല്‍ ഖാന്‍ പുറത്തിറങ്ങിയ ശേഷം ജൂണ്‍ പത്തിനായിരുന്നു സംഭവം. ബിജെപി എംപി കമലേഷ് പാസ്വാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് കഫീല്‍ ഖാന്‍ ആരോപിച്ചിരിക്കുന്നത്.
കമലേഷ് പാസ്വാനും ബല്‍ദേവ് പ്ലാസയുടെ ഉടമ സതീഷ് നന്‍ഗാലിയയും ചേര്‍ന്നാണ് സഹോദരനെ ആക്രമിക്കുന്നതിനായി ഷൂട്ടര്‍മാരെ വാടകയ്ക്ക് എടുത്തത്. കമലേഷിന് എന്റെ സഹോദരനോടു യാതൊരു ശത്രുതയുമില്ല. ഫെബ്രുവരിയില്‍ എന്റെ അമ്മാവന്റെ കുറച്ചുസ്ഥലം കമലേഷും സതീഷും ചേര്‍ന്ന് കൈയേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഇതാകാം അക്രമത്തിനു കാരണം,’ കഫീല്‍ ഖാന്‍ പറഞ്ഞു.
ആക്രമണം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. കേസ് സിബിഐക്ക് വിടണമെന്നാണ് കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.