നോട്ടുനിരോധനം നാറാണത്തു ഭ്രാന്തന്‍റെ മിന്നലാക്രമണം; വിമര്‍ശനവുമായി തോമസ് ഐസക്ക്

നരേന്ദ്ര മോഡിയുടെ നോട്ടു നിരോധനത്തെ പരിഹസിച്ചും കടന്നാക്രമിച്ചും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. ദേശാഭിമാനിയില്‍ എഴുതിയ നാറാണത്ത് ഭ്രാന്തന്റെ മിന്നലാക്രമണം എന്ന ലേഖനത്തിലാണ് നോട്ടു നിരോധനത്തെ തോമസ് ഐസക്ക് വിമര്‍ശിക്കുന്നത്. നോട്ടു നിരോധന പ്രക്രിയയിലൂടെ സമ്പദ്ഘടന തകര്‍ന്നുവെന്നും കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിച്ചില്ല എന്നാല്‍ സാധാരണക്കാര്‍ ക്ലേശത്തിലായെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. നോട്ടുനിരോധനം കൊണ്ട് പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ഇല്ലാതെയായി, ചെറുകിട വ്യവസായങ്ങളും വ്യാപാരങ്ങളും തകര്‍ന്നു, കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പറ്റാതായി. എന്നാല്‍, ധനികരെ ഇതൊന്നും പ്രതികൂലമായി ബാധിച്ചുമില്ലെന്നും തോമസ് ഐസക്ക് പറയുന്നു. നോട്ടു നിരോധനത്തിന്റെ ഗുണപലം ദീര്‍ഘകാല അടിസ്ഥാനത്തിലാണെന്നാണ് ബിജെപിയുടെ പ്രതിരോധ വാദം. കള്ളപ്പണവേട്ട ഇനിയാണ് നടക്കാനിരിക്കുന്നതെന്നാണ് ചിലര്‍ വാദിക്കുന്നത്. നോട്ടു നിരോധന സമയത്ത് അക്കൗണ്ടുകളില്‍ എത്തിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കി നോട്ടീസ് അയക്കുമെന്നും പറയുന്നു. ഇതായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെങ്കില്‍ ഒരു അര്‍ദ്ധരാത്രിയില്‍ പെട്ടെന്നൊരു നിരോധനം നടപ്പിലാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടിലെ ജനങ്ങളെ പങ്കപ്പാടിലേക്ക് തള്ളിവിട്ട മോഡി മറുപടി പറഞ്ഞേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.

Top