തൃശൂര്‍: കേരളത്തില്‍ മദ്യശാലകള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിലാണ് മദ്യലഹരിയില്‍ വണ്‍വേതെറ്റിച്ച് കാറോടിച്ച ജൂഡീഷ്യല്‍ മജിസ്ട്രേറ്റിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസിലേല്‍പ്പിച്ച വാര്‍ത്ത പുറത്ത് വരുന്നത്. പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേററ്റ് സന്തോഷാണ് നിലയില്ലാതെ മദ്യപിച്ച് നഗരത്തിലൂടെ കാറോടിച്ചത്. ഇയാള്‍ ഒരു വശത്തേക്കു മാത്രം ഗതാഗതം അനുവദിച്ചിട്ടുള്ള ചെമ്പോട്ടി ലൈനില്‍ എതിര്‍ദിശയില്‍ നിന്നു കാറോടിച്ച് കയറ്റുകയായിരുന്നു.
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്ന ബോര്‍ഡ് വച്ച കെഎല്‍ 08 എഎസ് 6615 നമ്പര്‍ വാഗണ്‍ ആര്‍ കാറിലായിരുന്നു മജിസ്ട്രേറ്റിന്റെ സഞ്ചാരം. തുടര്‍ന്ന് യാത്രക്കാര്‍ക്ക് അപകടകരമായ രീതിയില്‍ വന്ന വാഹനം ഫുട്പാത്തില്‍ ഉരഞ്ഞ് നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായി കണ്ട് തടഞ്ഞുവച്ചു. താന്‍ മജിസ്ട്രേറ്റാണെന്നും തന്നെ നിയമം പഠിപ്പിക്കാന്‍ ആരും വരേണ്ടെന്നും പറഞ്ഞ് തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചവരെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് പോലിസെത്തി കസ്റ്റഡിയിലെടുത്ത് ട്രാഫിക് സ്റ്റേഷനിലേക്കു കൊണ്ടുപോയി. മജിസ്ട്രേറ്റിനെ ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.