ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ രാജ്യത്ത് പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും ഏകീകൃത സംവിധാനംവരുന്നു. ഇതോടെ രാജ്യത്തെങ്ങുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് ഒരേ രൂപവും വലുപ്പവും ആയിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
നിലവില്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്‌തെടുക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി കാര്‍ഡ് രൂപത്തിലേയ്ക്ക് മാറും. പുതിയ ഡ്രൈവിങ് ലൈസന്‍സില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂആര്‍ കോഡ്, സര്‍ക്കാരിന്റെ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, അള്‍ട്രാ വയലറ്റ് എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
ലൈസന്‍സിന്റെ ഉടമ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നേരിട്ട ട്രാഫിക് ശിക്ഷാനടപടികളുടെ വിവരങ്ങളും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കും.ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്നായിരിക്കും പുതിയ ലൈസന്‍സിന്റെ തലവാചകം. ഇതോടൊപ്പം ഹോളോഗ്രാമും സര്‍ക്കാര്‍ മുദ്രയും ഉണ്ടാകും. തൊട്ടുതാഴെയായി ലൈസന്‍സ് ഉടമയുടെ ഫോട്ടോ, പേര്, ലൈസന്‍സ് നമ്പര്‍, രക്തഗ്രൂപ്പ് തുടങ്ങിയ വിവരങ്ങളുമുണ്ടാകും. പുതിയ ലൈസന്‍സില്‍ ഇരുപുറങ്ങളിലും ലൈസന്‍സ് നമ്പറും മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്രയും ഉണ്ടാകും.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വരുത്തുന്ന പുതിയ മാറ്റങ്ങള്‍ ഡ്രൈവിങ് ലൈസന്‍സില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. പുതിയ സംവിധാനത്തിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സ്, വാഹനങ്ങളുടെ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഗതാഗത വകുപ്പ് ഡിജിറ്റല്‍ ഡേറ്റാബേസും തയ്യാറാക്കും. ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് ട്രാക്കിങ് ഉപകരണവും നല്‍കും.
ഇതോടെ അപകടങ്ങളില്‍ പിടിക്കപ്പെടുമ്പോഴും മറ്റു പരിശോധനകളുടെ സമയത്തും ലൈസന്‍സ് ഉടമ നടത്തിയിട്ടുള്ള ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചരിത്രവും ലഭിക്കും.ഗതാഗതരംഗത്തെ സമൂലപരിഷ്‌കാരം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ വാഹന്‍, സാരഥി പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വാഹന്‍ പദ്ധതി വാഹനരജിസ്‌ട്രേഷനും സാരഥി പദ്ധതി ലൈസന്‍സ് പരിഷ്‌കരണത്തിനുമുള്ളതാണ്.