സംസ്ഥാന പൊലീസ് ആസ്ഥാനത്തിനു മുകളില്‍ വീണ്ടും ഡ്രോണ്‍. ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്കു സമീപമാണു ഡ്രോണ്‍ പറന്നത്. ഇത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ മേലധികാരികളെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ട് മാസം മുമ്പും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നിരുന്നു. അന്ന് സമീപത്തെ കല്യാണ ഓഡിറ്റോറിയത്തില്‍ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ ക്യാമറ നിയന്ത്രണം വിട്ട് ആസ്ഥാനത്തിനു മുകളിലൂടെ പറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വേളി വിഎസ്എസ് സിക്കു സമീപവും കോവളം ബീച്ച് ഭാഗത്തും പറന്ന അജ്ഞാത ഡ്രോണിനെ കുറിച്ചു പൊലീസിന് ഇതേവരെ കാര്യമായ വിവരം ലഭിച്ചില്ല. അര്‍ധരാത്രിയില്‍ ഡ്രോണ്‍ പറന്നതിനെത്തുടര്‍ന്ന് സൈനിക വിഭാഗങ്ങളും പോലീസും വിമാനത്താവള അധികൃതരും അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നു മുതലാണു ഡ്രോണുകള്‍ പല മേഖലകളിലായി കണ്ടത്.
ഇതേതുടര്‍ന്ന് തലസ്ഥാനത്തു ഡ്രോണ്‍ ഉപയോഗിക്കുന്ന പ്രഫഷണല്‍ വീഡിയോഗ്രാഫര്‍മാരെയും സ്റ്റുഡിയോക്കാരെയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. സൈബര്‍ പോലീസ് സഹായത്തോടെ ഇത്തരം സംഘങ്ങളുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷിക്കുന്നുണ്ട്. സീരിയല്‍ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന വിലകൂടിയ ഡ്രോണുകള്‍ക്ക് റിട്ടേണ്‍ ടു ബേസ് എന്ന സവിശേഷതയുണ്ട്. നിയന്ത്രണം വിട്ടു പറന്നാലും പറന്നുയര്‍ന്ന സ്ഥലത്തേക്ക് ഇത്തരം ഡ്രോണുകള്‍ തിരിച്ചെത്തും.