
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളത്ത് ഇടയാറില്‍ വീടിനടുത്തുളള പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പഠിക്കാനിറങ്ങിയ 15 കാരന്‍ മുങ്ങി മരിച്ചു. കുളങ്ങരപടിയില്‍ ജിമ്മിയുടെ മകന്‍ ജോമോന്‍ കെ.ജിമ്മിയാണ് മരിച്ചത്.
ഞായറാഴ്ച മുതല്‍ തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും യാതൊരു ശമനവുമില്ല. വെളളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്. വയനാട് ജില്ലയിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലാണ്. നിരവധി പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പാലക്കാട് ശക്തമായ മഴയില്‍ ഏക്കറു കണക്കിന് നെല്‍പ്പാടമാണ് നശിച്ചത്.
ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലേക്കുളള നീരൊഴുക്ക് വര്‍ധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. തൊടുപുഴ ആറിന്റെ തീരത്തുളളവര്‍ ജാഗ്ര പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. അടിമാലിയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുന്നത് വ്യാപക മണ്ണിടിച്ചിലിന് സാധ്യതയുളളതിനാല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് കുറ്റ്യാടി മീന്‍പറ്റ വനത്തില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് കുറ്റ്യാടി പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതിന്റെ തീരത്ത് ഉളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് കക്കയം ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഏതു സമയത്തും ഷട്ടറുകള്‍ തുറക്കാം
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും അറബിക്കടലിന്റെ വടക്കുഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.