കൊച്ചി: ചികിത്സയുടെ പേരില്‍ രോഗികളെ കൊള്ളചെയ്യുന്ന സ്വകാര്യ ആശുപത്രികല്‍ മരുന്നുകളുടെ പേരില്‍ നടത്തുന്നത് തീവെട്ടിക്കൊള്ള. രണ്ടുരൂപ മാത്രം മുടക്കുള്ള കുത്തിവെയ്പ്പിന് അതിന്റെ പത്തിരട്ടിയോളം തുകയീടാക്കുന്ന ആശുപത്രികള്‍, ജീവന്മരണ പോരാട്ടം നടത്തുന്ന രോഗികളില്‍നിന്ന് തട്ടിക്കുന്ന ലക്ഷങ്ങളാണ്.
ഹിപ് ഇംപ്ലാന്റ് ശസ്ത്രക്രിയക്കെത്തുന്ന രോഗികളാണ് ഇത്തരം തീവെട്ടിക്കൊള്ളയ്ക്ക് ഇരയാകുന്ന വിഭാഗങ്ങളിലൊന്ന്. 8906 രൂപ മാത്രം വിലയുള്ള ഹിപ് ഇംപ്ലാന്റിന് ആശുപത്രികള്‍ ബില്ലിടുന്നത് 1.29 ലക്ഷം രൂപ. 1448 ശതമാനം വര്‍ധന. ആന്‍ജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റിന്റെ വില ദേശീയ മരുന്ന് വിലനിയന്ത്രണ സമിതി നിയന്ത്രിച്ചതോടെയാണ് ആശുപത്രികളിലെ ഈ കൊള്ള വെളിയില്‍വന്നത്
പലപ്പോഴും അടിയന്തിര ഘട്ടങ്ങളിലുപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് ആയിരവും അതിലേറെയും ശതമാനം വിലയീടാക്കിയാണ് ആശുപത്രികള്‍ ബില്ലിടുന്നത്. ഇറക്കുമതി ചെയ്യുന്ന സ്റ്റെന്റുകള്‍ക്ക് രണ്ടുലക്ഷം രൂപവരെ ഈടാക്കിയിരുന്നു. ഏത് വിധത്തിലുള്ള സ്റ്റെന്റുകളായാലും പരമാവധി വില 29,600 രൂപയായി വെട്ടിക്കുറച്ചത് ഹൃദ്രോഗ ചികിത്സാരംഗത്ത് പാവപ്പെട്ടവര്‍ക്ക് വലിയ അനുഗ്രഹമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
700-ഉം 800-ഉം മടങ്ങ് വിലയീടാക്കി പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ആശുപത്രികള്‍ക്ക് കടിഞ്ഞാണിടാന്‍ ഈ രീതി മാത്രം ഫലപ്രദമാവില്ലെന്ന് പറയുന്നവരുമുണ്ട്. സ്റ്റെന്റുകളുടെ വില കുറച്ചാല്‍, മറ്റുള്ളവയ്ക്ക് തുക കൂട്ടി ബില്ലൊപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാകും. ഹൃദ്രോഗ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമൊക്കെ ഏകീകൃത നിരക്കുകള്‍ ഏ്ര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന വാദവും ശക്തമാണ്.
ഓരോ വര്‍ഷവും ആറുലക്ഷത്തോളം കാര്‍ഡിയാക് സ്റ്റെന്റുകളാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ഇതില്‍നിന്ന് മാത്രം ആശുപത്രികള്‍ സ്വന്തമാക്കുന്നത് ശതകോടികളാണ്. ഓര്‍ത്തോപീഡിക് ഇംപ്ലാന്റുകളുടെ കാര്യത്തിലും സമാനമാണ് അവസ്ഥ. 46,000 രൂപ ഈടാക്കുന്ന ‘നീ ഇംപ്ലാന്റിന്റെ യഥാര്‍ഥ വില 9,264 രൂപ മാത്രമാണ്. രണ്ടുരൂപയ്ക്ക് കയറ്റുമതി ചെയ്യുന്ന സിറിഞ്ചുകള്‍പോലും ആശുപത്രികള്‍ വില്‍ക്കുന്നത് ഇരട്ടിവിലയ്ക്കാണെന്നും ആരോഗ്യരംഗത്തെ സംഘടനകള്‍ പറയുന്നു.