ഏഴുമാസം ഗര്‍ഭിണി’യുടെ വയറ്റില്‍ 16 പാക്കറ്റ് മയക്കുമരുന്ന്

 

ഹൈദരാബാദ്‌: ഏഴുമാസം ഗര്‍ഭിണിയാണെന്ന്‌ അവകാശപ്പെട്ട്‌ വിമാനത്താവളത്തിലെത്തിയ സ്‌ത്രീയുടെ വയറ്റില്‍ നിറയെ മയക്കുമരുന്ന്‌ കണ്ടെത്തി. ദക്ഷിണാഫ്രിക്ക സ്വദേശിനിയായ മോസിയ മൂസയാണ്‌ മയക്കുമരുന്ന്‌ കടത്തിയതിന്‌ പൊലീസിന്റെ പിടിയിലായത്‌. ഇന്നലെ രാവിലെ ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി രാജ്യാന്തര വിമാനത്തവളത്തിലാണ്‌ സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്‌.
വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ നാര്‍കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇവരെ വൈദ്യ പരിശോധനയ്ക്ക്‌ വിധേയയാക്കുകയായിരുന്നു. നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചെറിയ പോളിമര്‍ കവറിലാക്കി വിഴുങ്ങുകയായിരുന്നുവെന്ന്‌ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.drug
ഞായറാഴ്‌ച രാവിലെ ദുബായിയില്‍ നിന്ന്‌ എമിറേറ്റ്‌സിന്‍െറ ഇകെ്526 വിമാനത്തില്‍ രാജീവ്‌ ഗാന്ധി വിമാനത്താവളത്തിലാണ്‌ മോസിയ എത്തിയത്‌. നടക്കുവാന്‍ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോള്‍- താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന്‌ മോസിയ പറഞ്ഞു. തുടര്‍ന്ന്‌ അവരെ വിമാനത്താവളത്തിലെ കോര്‍പറേറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ പരിശോധനയില്‍ അവര്‍ പറഞ്ഞത്‌ തെറ്റാണെന്ന്‌ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്നാണ്‌ വയറ്റിനുള്ളില്‍ ഉള്ളതെന്ന്‌ അവര്‍ വ്യക്തമാക്കിയതോടെ മോസിയയെ സമീപമുള്ള ഒസ്‌മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറ്റിനുള്ളില്‍ നിന്ന്‌ 16 പാക്കറ്റ്‌ മയക്കുമരുന്നാണ്‌ കണ്ടെത്തിയത്‌. എന്നാല്‍ ഇവര്‍ക്ക്‌ യാതൊരു വിധത്തിലുമുള്ള ശസ്‌ത്രക്രിയ നടത്തിയിട്ടില്ലെന്ന്‌ എന്‍സിബി വ്യക്തമാക്കി.
മോസിയയുടെ വയറ്റില്‍ നിന്നു കണ്ടെടുത്ത മയക്കുമരുന്ന്‌ ഏതാണെന്ന്‌ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അവരുടെ യാത്രാ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്‌ ബ്രസീലില്‍ നിന്നു കൊണ്ടുവന്ന കൊക്കെയ്‌നാണിതെന്ന്‌ സംശയിക്കുന്നതായി എന്‍സിബി വ്യക്തമാക്കി.

Top