സ്വന്തം ലേഖകൻ
മുംബൈ: ഡ്രൈവർ മദ്യലഹരിയിൽ റോഡിനു നടുവിൽ ഇട്ടിട്ടു പോയ 14 വീലൻ ട്രക്ക് സിനിമാ സ്്‌റ്റെലിൽ റോഡിൽ നിന്നും എടുത്തു നീക്കിയ മന്ത്രിയാണ് സോ്ഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ മിന്നും താരം. മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് ഗതാഗതക്കുരുക്കിനു ഇടയാക്കിയ ലോറി സ്വയം ഡ്രൈവ് ചെയ്തു റോഡിൽ നിന്നു മാറ്റിയത്. മദ്യപിച്ച് വാഹനമോടിച്ച ട്രക്ക് ഡ്രൈവർ കാരണം ജൽഗാവ് ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക് ആയതോടെ കുരുക്കഴിക്കാൻ നേരിട്ടിറങ്ങിയാണ് മന്ത്രി താരമായത്.
ഗതാഗത കുരുക്കിൽ പെട്ടു പോയ മന്ത്രി തന്റെ വാഹനത്തിൽ നിന്നും ഇറങ്ങി ട്രക്ക് ഡ്രൈവറെ ഉടനെ തന്നെ പിടിച്ച് പൊലീസിന്റെ കയ്യിലേൽപ്പിച്ചു. പിന്നെ സിനിമാ സ്‌റ്റൈലിൽ ആ 14 വീൽ ട്രക്കിലേക്ക് കയറിയിരുന്ന് ആശാൻ വണ്ടി റോഡിന്റെ ഒരു വശത്തേക്ക് നീക്കിയിടുകയായിരുന്നു.
ഗതാഗതക്കുരുക്കിൽ വലഞ്ഞ യാത്രക്കാരെ രക്ഷിച്ച മന്ത്രി ലോറിയിൽ നിന്നും പുറത്തിറങ്ങിയത് സിനിമാ താരത്തേക്കാളും വലിയ ഹീറോ ആയിട്ടായിരുന്നു. കയ്യടികളോടെയാണ് കൂടി നിന്ന ജനം മന്ത്രിയെ സ്വീകരിച്ചത്.
ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് ഗിരീഷ് മഹാജൻ ഗതാഗതക്കുരുക്കിൽ പെടുന്നത്. ട്രക്കിന്റെ വളയം പിടിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ ആൾക്കൂട്ടത്തിൽ ചിലർ മൊബൈലിൽ പകർത്തുകയായിരുന്നു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
സംഗതി മന്ത്രി ഒറ്റ നിമിഷം കൊണ്ട് ഹീറോ ആയെങ്കിലും തന്റെ ക്യാബിനെറ്റിലെ പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച ചെയ്ത് റോഡിന്റെ വീതി കൂട്ടണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എല്ലാ ഗതാഗത കുരുക്കുകളിലും മന്ത്രിയ്ക്ക് എത്താൻ പറ്റില്ലല്ലോ?.