സ്വന്തം ലേഖകൻ
കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക്ക് കോളജ് ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളായ സഹപാഠികളുടെ ക്രൂരമായ റാഗിങ്ങിനിരയായ ഒന്നാം വർഷ വിദ്യാർഥിയുടെ വൃക്ക തകർന്നു. റാഗിങ്ങിന്റെ പേരിൽ ക്രൂരമായ വ്യായാമ മുറകൾ ചെയ്യിച്ച ശേഷം മദ്യത്തിൽ വിഷപദാർഥം കലർത്തി നൽകിയതാണ് വൃക്കതകരാറിലാകാൻ കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഒന്നാം വർഷ ഇലക്ട്രിക്കൽ ഡിപ്ലോമാ വിദ്യാർഥി തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അവിനാഷിന്റെ വൃക്കയാണ് തകർന്നത്. പത്തു ദിവസത്തിനിടെ മൂന്നു തവണ അവിനാഷിനെ അടിയന്തര ഡയാലിസിസിനു വിധേയനാക്കി. പോളിടെക്‌നിക്കിൽ സഹപാഠികളുടെ റാഗിങ്ങിനു വിധേയനായതിനെ തുടർന്നു ഇതുവരെ രണ്ടു വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. റാഗിങ്ങിനെ തുടർന്നു ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എറണാകുളം സ്വദേശിയായ ഷൈജു ഡി ഗോപിയുടെ പരാതിയിൽ ഏഴു പേർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തിരുന്നു. മൂന്നാം വർഷ വിദ്യാർഥികളായ അഭിലാഷ്, മനു, രണ്ടാം വർഷ വിദ്യാർഥികളായ നിധിൻ, പ്രവീൺ, ശരൺ, ജെറിൻ, ജയപ്രകാശ് എന്നിവർക്കെതിരെയാണ് കേസ്. പോളിടെക്‌നിക് ഹോസ്റ്റിൽ താമസിക്കുന്ന ഒൻപത് ഒന്നാം വർഷ വിദ്യാർഥികളും റാഗിങ്ങിനു വിധേയരായിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട ഏഴു വിദ്യാർഥികളെയും സസ്‌പെന്റ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോളിടെക്‌നിക് കോളജിനോടു മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി.
ഓഗസ്റ്റിൽ ഒന്നാം വർഷ വിദ്യാർഥികൾ ഹോസ്റ്റലിൽ എത്തിയതിനു ശേഷമാണ് ക്രൂരമായ റാഗിങ് അരങ്ങേറിയതെന്നാണ് പരാതി. പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കു വേണ്ടിയുള്ള ഹോസ്റ്റലാണ് നാട്ടകത്തുള്ളത്. ഹോസ്റ്റൽ കെട്ടിടത്തെ രണ്ടായി പകുത്ത് ഒരു ഭാഗത്ത് നാട്ടകം ഗവ.കോളജിലെയും, മറുഭാഗത്ത് പോളിടെക്‌നിക് കോളജിലെയും വിദ്യാർഥികളെയാണ് താമസിപ്പിക്കുന്നത്. ഡിസംബർ രണ്ടിനു രാത്രി ഒൻപതര മുതൽ പുലർച്ചെ മൂന്നു മണിവരെ പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലിൽ റാഗിങ് നടന്നതായാണ് വിദ്യാർഥികൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.
പൂർണ നഗ്‌നരാക്കി നിർത്തി നൂറു വീതം പുഷ്അപ്പും, സിറ്റപ്പും എടുപ്പിക്കുകയും, തറയിൽകിടത്തി നീന്തിക്കുകയും, ഒറ്റക്കാലിൽ നിർത്തുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. റാഗിങ്ങിനെ തുടർന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് അവിനാഷും, ഷൈജുവും പിറ്റേന്ന് വീട്ടിലേയ്ക്കു പോയത്. അടുത്ത ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിനാഷ് ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് വൃക്കയ്ക്കു തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. തുടർന്നു ഏഴാം തീയതി വൈകുന്നേരത്തോടെ അവിനാഷിനെ അടിയന്തര ഡയാലിസിസിനു വിധേയനാക്കി. ഇതുവരെ മൂന്നു തവണയാണ് ഡയാലിസിസ് നടത്തിയത്. അമിതമായി വ്യായാമം ചെയ്തതിനൊപ്പം മദ്യം കഴിപ്പിച്ചതാണ് അവിനാഷിന്റെ വൃക്കകളെ ബാധിച്ചതെന്നു ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ വർഷം കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയ പോയ വിദ്യാർഥിയുടെ നേതൃത്വത്തിലാണ് റാഗിങ് നടന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ഇരിങ്ങാലക്കുട്ട പൊലീസ് കേസ് ചിങ്ങവനം പൊലീസിനു കൈമാറിയിട്ടുണ്ട്. റാഗിങ്ങിനു വിധേയനായ വിദ്യാർഥിയുടെ മൊഴിയെടുത്ത ശേഷം മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്നു ചിങ്ങവനം പൊലീസ് അറിയിച്ചു. കേസിൽ പ്രതിയായിരിക്കുന്ന വിദ്യാർഥികളെല്ലാം എസ്എഫ്‌ഐ പ്രവർത്തകരാണ്.
പരിചയപ്പെടലെന്ന പേരിൽ നാട്ടകം പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ അരങ്ങേറിയിരുന്നത് ക്രൂരമായ റാഗിങ്. ഫാസിസ്റ്റ് രീതിയിൽ ജൂനിയർ വിദ്യാർഥികളെ മണിക്കൂറുകളോളം ന്ഗ്‌നരാക്കി നിർത്തിയാണ് പീഡനങ്ങൾ അരങ്ങേറിയിരുന്നത്. മറ്റു വിദ്യാർഥി സംഘടനകളുമായി അടുപ്പം പുലർത്തിയിരുന്ന വിദ്യാർഥികളെ തിരഞ്ഞു പിടിച്ച് റാഗ് ചെയ്യുന്നതിനു എസ്എഫ്‌ഐ പ്രവർത്തകരുടെ ഒരു സംഘം തന്നെ കോളജ് ഹോസ്റ്റലിൽ പ്രവർത്തിച്ചിരുന്നതായും വിദ്യാർഥികൾ ആരോപിക്കുന്നു.
ഓഗസ്റ്റിൽ ഒന്നാം വർഷ വിദ്യാർഥികൾ എത്തിയപ്പോൾ മുതൽ ആരംഭിച്ച റാഗിങ് പീഡനങ്ങളാണ് ഇപ്പോൾ രണ്ടു വിദ്യാർഥികളുടെ ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിലേയ്ക്കു വളർന്നത്. പോളിടെക്‌നിക് കോളജിലെ ഹോസ്റ്റലിൽ ഒൻപത് ഒന്നാം വർഷ വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. സംഭവ ദിവസം രാത്രി ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ചേർന്നു ബലം പ്രയോഗിച്ചു വിളിച്ചു എഴുന്നേൽപ്പിക്കുകയായിരുന്നു. തുടർന്നു ഒൻപതു പേരെയും സീനിയർ വിദ്യാർഥിയുടെ മുറിയിൽ എത്തിച്ചു. വസ്ത്രം അഴിപ്പിച്ചു പൂർണ നഗ്‌നരാക്കിയ ശേഷമായിരുന്നു റാഗിങ്ങ് അരങ്ങേറിയത്. അൻപത് പുഷ് അപ്പും, നൂറു വീതം സിറ്റപ്പും നിർബന്ധിച്ചു എടുപ്പിച്ചു. തുടർന്നു മുറിയ്ക്കുള്ളിൽ ഓടിക്കുകയും, തറയിൽ കിടന്നു നീന്താൻ നിർബന്ധിക്കുകയും ചെയ്തതായി റാഗിങ്ങിനു വിധേയരായ അവിനാഷും ഷൈജുവും പൊലീസിനു മൊഴി നൽകി. ഇതിനിടെ ഒന്നു രണ്ടു വിദ്യാർഥികൾ ഛർദിക്കുകയും, കുഴഞ്ഞു വീഴുകയും ചെയ്തു. വ്യായാമം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു വീണവരെ പത്തു മിനിറ്റാണ് വിശ്രമിക്കാൻ അനുവദിച്ചത്.
മുറിയുടെ മൂലയിൽ കുത്തിയിരിക്കാൻ ഇവരോടു നിർദേശിച്ച സീനിയർ വിദ്യാർഥികൾ പിന്നീട് ജൂനിയർ വിദ്യാർഥികളെ ഒറ്റക്കാലിൽ നിർത്തി. സീനിയർ വിദ്യാർഥികൾ പാടിയ അശ്ലീല ഗാനം മനപാഠമാക്കി പാടിയാൽ റാഗിങ് അവസാനിപ്പിക്കാമെന്നായിരുന്നു പിന്നീടുള്ള ഉറപ്പ്. പാട്ട് തെറ്റിച്ചു പാടിയവരെയും മനപാഠം ആക്കാത്തവരെയും പിന്നെയും ക്രൂരമായ വ്യായാമ മുറകൾക്കു വിധേയരാക്കി. ഒടുവിൽ പാട്ട് മനപ്പാഠമാക്കി എല്ലാവരും പാടിക്കഴിഞ്ഞപ്പോഴേയ്ക്കും പുലർച്ചെ മൂന്നുമണിയായിരുന്നു. പിന്നീട് ഒൻപതു പേരെയും രണ്ടാം നിലയിലെ സീനിയർ വിദ്യാർഥിയുടെ മുറിയിൽ എത്തിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന മദ്യം ഗ്ലാസിലേയ്ക്കു പകർന്ന ശേഷം വെള്ളം പോലും ഒഴിക്കാതെ ബലം പ്രയോഗിച്ചു കുടിപ്പിച്ചു. മദ്യം കുടിച്ച് ഛർദിച്ചവരെ സീനിയർ വിദ്യാർഥികൾ ചേർന്നു മർദിച്ചു. തുടർന്നു ശുചിമുറിയിൽ എത്തിച്ച് എല്ലാവരെയും ഒന്നിച്ചു നിർത്തി കുളിപ്പിച്ച ശേഷമാണ് റാഗിങ് അവസാനിപ്പിച്ചതെന്നും അവിനാഷും ഷൈജുവും നൽകിയ മൊഴിൽ പറയുന്നു.
നാട്ടകം ഗവ.പോളിടെക്‌നിക്ക് കോളജ് ഹോസ്റ്റലിൽ ‘ഇടതു ഭരണം’. കോളജിലും ഹോസ്റ്റലിലും സ്വാധീനമുറപ്പിച്ചിരിക്കുന്ന എസ്എഫ്‌ഐ പ്രവർത്തകരാണ് ഹോസ്റ്റൽ ഭരിക്കുന്നതെന്നാണ് ആരോപണം. പോളിടെക്‌നിക് കോളജിലെ എബിവിപി, കെഎസ് യു ഭാരവാഹികൾ അടക്കമുള്ളവരാണ് ഈ ആരോപണം ഉന്നയിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകർക്കു താല്പര്യമുള്ളവർക്കു മാത്രമാണ് ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുന്നത്. ഇതിനു പോളിടെക്‌നിക് അധികൃതരും ഹോസ്റ്റൽ വാർഡൻ അടക്കമുള്ളവരും കൂട്ടു നിൽക്കുകയാണെന്നും ഇതര വിദ്യാർഥി സംഘടനകൾ പറയുന്നു.
രണ്ട് ഒന്നാം വർഷ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിനു ഇരയായതോടെയാണ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ നടക്കുന്ന ക്രൂര പീഡനങ്ങളുടെ കഥകൾ പുറത്തു വന്നത്. ഹോസ്റ്റലിനുള്ളിൽ ആറു മണിക്കൂറിലേറെ നീണ്ട റാഗിങ് നടന്നിട്ടും ഹോസ്റ്റൽ വാർഡൻ അടക്കമുള്ളവർ വിവരങ്ങളൊന്നും അറിഞ്ഞില്ല. റാഗിങ് നടന്നെന്നു മാത്രമല്ല, ഹോസ്റ്റലിനുള്ളിൽ മദ്യം അടക്കമുള്ള ലഹരി വസ്തുക്കളും ലഭിക്കുന്നുണ്ടെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്. വിദ്യാർഥികളെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നു. ഈ മുറിയുടെ ഒരു ഭാഗത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ കൂട്ടിയിട്ടിരുന്നു. ഇതേ മുറിയുടെ തന്നെ കബോർഡിനുള്ളിൽ ഒന്നിലധികം മദ്യക്കുപ്പികളും, ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും കണ്ടതായും ഒന്നാം വർഷ വിദ്യാർഥികൾ പറയുന്നു.
കോളജിലെത്തുന്ന ഒന്നാം വർഷ വിദ്യാർഥികൾ എസ്എഫ്‌ഐ ഒഴികെയുള്ള മറ്റേതെങ്കിലും വിദ്യാർഥി സംഘടനയോടു അനുഭാവം കാട്ടിയാൽ ഹോസ്റ്റലിലെത്തിച്ചാണ് ഇവരെ പീഡിപ്പിച്ചിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
നാട്ടകം ഗവ.പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികളെ റാഗിങ്ങിനു വിധേയനാക്കിയത് പഠനം പൂർത്തിയാക്കിയ ശേഷം ഹോസ്റ്റൽ വിട്ടു പോയ വിദ്യാർഥിയുടെ നേതൃത്വത്തിൽ. കഴിഞ്ഞ വർഷം പോളിടെക്‌നിക് കോളജിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥിയാണ് തങ്ങളെ റാഗിങ്ങിനു വിധേയനാക്കുന്നതിനു നേതൃത്വം നൽകിയതെന്നു റാഗിങ്ങിനു വിധേയരായ ഷൈജുവും അവിനാഷും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
പഠനം പൂർത്തിയാക്കിയ ശേഷവും ഹോസ്റ്റൽ മുറി ഉപയോഗിക്കുന്ന നിരവധി വിദ്യാർഥികൾ പോളിടെക്‌നിക് ഹോസ്റ്റലിൽ ഉണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇവരിൽ ഏറെപ്പേരും എസ്എഫ്‌ഐയുമായി അടുത്ത ബന്ധമുള്ളവരാണെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു. ഇത്തരത്തിൽ അനധികൃതമായി ഹോസ്റ്റലിൽ താമസിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
നാട്ടകം പോളിടെക്‌നിക് കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾ റാഗിങ്ങിനു വിധേയരായ സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്ത്. സംഭവത്തിൽ രാഷ്ട്രീയമുണ്ടെന്നും, ഇതിനു റാഗിങ് വീരൻമാരായ വിദ്യാർഥികൾക്കു സംരക്ഷണം കൊടുക്കുന്ന വിദ്യാർഥി നേതാക്കൾ ആരാണെന്നു കണ്ടെത്തണമെന്നും കെഎസ് യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് 19 നു ജില്ലയിലെ പോളിടെക്‌നിക്കുകളിൽ പഠിപ്പു മുടക്കുമെന്നു കെഎസ് യു ജില്ലാ പ്രസിഡന്റ് ജോബിൻ ജേക്കബ് അറിയിച്ചു. പോളിടെക്‌നിക്കിൽ പഠിപ്പു മുടക്കുന്ന വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തുമെന്നും ജോബിൻ ജേക്കബ് അറിയിച്ചു.
നാട്ടകം പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലിൽ എസ്എഫ്‌ഐ നേതൃത്വത്തിൽ ആയുധം ശേഖരിച്ചിട്ടുണ്ടെന്നും, ഇതാണ് വിദ്യാർഥികളെ റാഗിങ്ങിനു വിധേയരാക്കുന്നതിനു പിന്നിലുണ്ടായതെന്നും എബിവിപി ജില്ലാ കൺവീനർ കെ.സി അരുൺ ആരോപിച്ചു. ഹോസ്റ്റൽ കാടുപിടിച്ച നിലയിലാണ് പുറത്തു നിന്ന് ഏതൊരാൾക്കും ഏതു സമയത്തും ഹോസ്റ്റലിനുളളിൽ കയറാം എന്ന നിലയിലാണ് കാടുപിടിച്ചു കിടക്കുന്നതിനാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ട്. പല തവണ ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു വിധ നടപടിയും ഇതു വരെ കൈകൊണ്ടിട്ടില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യ്തില്ലെങ്കിൽ ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് എബിവിവി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.